ദ്വിദിന ഒഎസ്സിഇ മന്ത്രിതല യോഗം : റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ വിസ മാൾട്ട റദ്ദാക്കി
ദ്വിദിന ഒഎസ്സിഇ മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാന്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയ്ക്ക് അനുവദിച്ച വിസ മാള്‍ട്ട റദ്ദാക്കി.അവരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാന്‍ മൂന്ന് യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങള്‍ വിസമ്മതിച്ചതോടെയാണ് മാള്‍ട്ടയുടെ ഈ നടപടി. വ്യാഴാഴ്ച ആരംഭിക്കുന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനൊപ്പം മാള്‍ട്ടയില്‍ എത്തേണ്ടതായിരുന്നു സഖരോവ.
മൂന്ന് യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്ന് സഖരോവയുടെ വിസ അനുമതി പിന്‍വലിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് ടൈംസ് ഓഫ് മാള്‍ട്ടയോട് പറഞ്ഞു. അവര്‍ മാള്‍ട്ടയിലേക്ക് പറക്കുന്നതിനെ എതിര്‍ത്ത മൂന്ന് രാജ്യങ്ങളുടെ പേര് മന്ത്രാലയം പുറത്തുവിട്ടില്ല. എന്നാല്‍ ലാത്വിയ, ലിത്വാനിയ, എസ്തോണിയ എന്നിവയാണെന്നാണ് ടൈംസ് ഓഫ് മാള്‍ട്ട റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയുടെ ഉക്രെയ്ന് അധിനിവേശത്തിനു ശേഷം ഒരു യൂറോപ്യന്‍ യൂണിയന് അംഗരാജ്യത്തിലേക്കുള്ള റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ആദ്യ യാത്രയാണ് മാള്‍ട്ട ഉച്ചകോടി. ലാവ്റോവി ന്റെ പ്രധാന വക്താവായ സഖരോവ പരിചയസമ്പന്നയായ ഒരു നയതന്ത്രജ്ഞയും റഷ്യന്‍ രാഷ്ട്രീയ ടോക്ക് ഷോകളില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന വ്യക്തിയുമാണ്.
ഒരു ഉപരോധത്തിനും വിധേയമല്ലാത്ത ലാവ്റോവില്‍ നിന്ന് വ്യത്യസ്തമായി, സഖരോവ യൂറോപ്യന്‍ യൂണിയന്റെ ട്രാവല്‍ ബാന്‍ പട്ടികയിലുള്ള വ്യക്തിയാണ്. അതിനാല്‍ യൂറോപ്യന്‍ യൂണിയന്റെ ഷെങ്കന്‍ സോണിന്റെ ഭാഗമായ മാള്‍ട്ടയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതിന് ‘യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളുടെ പരിഗണനയ്ക്ക് വിധേയമായ’ പ്രത്യേക ഇളവ് സഖരോവയ്ക്ക് ആവശ്യമായിരുന്നു. ഈ പരിഗണന വേണ്ടെന്നാണ് മൂന്നു രാജ്യങ്ങളും ആവശ്യപ്പെട്ടത്. യൂറോപ്യന്‍ യൂണിയനെ കൂടാതെ, യുഎസ്, യുകെ, ന്യൂസിലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, കാനഡ എന്നിവിടങ്ങളിലും സഖരോവക്ക് ഉപരോധമുണ്ട്.