ഹമാസിന് മുന്നറിയിപ്പ്; സത്യപ്രതിജ്ഞയ്ക്കു മുന്‍പ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണം : ട്രംപ്
വാഷിങ്ടണ്‍ : ഗാസയില്‍ ഹമാസ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബന്ദികളെ 2025 ജനുവരി 20ന് മുമ്പ് വിട്ടയക്കണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ കനത്ത പ്രഹരം ഏല്‍ക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇസ്രയേല്‍-അമേരിക്കന്‍ പൗരന്മാരുള്‍പ്പെടെ 250ലധികം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇതില്‍ പകുതിയോളം പേര്‍ ജീവിച്ചിരിപ്പുണ്ടെന്നുമാണ് ഇസ്രയേല്‍ പറയുന്നത്.
‘2025 ജനുവരി 20നകം ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ നാശമുണ്ടാക്കും. മാനവികതയ്‌ക്കെതിരെ ഇത്തരം ക്രൂരതകള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിന് ഉത്തരവാദികളായവര്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ അനുഭവിക്കേണ്ടി വരും. സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, ഇതുവരെ കണ്ടിട്ടില്ലാത്ത ശിക്ഷ അമേരിക്ക നല്‍കു’മെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായും പിന്‍വാങ്ങണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. എന്നാല്‍, ഹമാസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതുവരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കി.
ഹമാസ് ബന്ദികളാക്കിയവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ പ്രതിഷേധം ശക്തമാണ്. തിങ്കളാഴ്ച ഗാസയില്‍ 33 ബന്ദികള്‍ മരിച്ചതായി ഹമാസ് അറിയിച്ചിരുന്നു. എന്നാല്‍ മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് ഹമാസ് വെളിപ്പെടുത്തിയിട്ടില്ല.