കേരളം

കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണം : വിദഗ്ധ സമിതി

കോട്ടയം : ബലക്ഷയത്തെ തുടര്‍ന്ന് നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച് സെന്റര്‍ എന്നിവര്‍ നടത്തിയ ബലപരിശോധനാ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ബലപരിശോധന നടത്തിയത്. ബലക്ഷയത്തെ തുടര്‍ന്ന് അടിസ്ഥാന തൂണുകള്‍ ഒഴികെ മേല്‍ക്കൂര മുഴുവന്‍ നീക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആകാശപ്പാതയെ കൊല്ലാന്‍ ഒരു കാരണം കണ്ടെത്തിയതാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ഡിസംബര്‍ 22ന് ആണ് ആകാശപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിര്‍മാണം അടുത്ത ഘട്ടത്തിലേക്കു കടന്നപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തുടര്‍ന്നു കിറ്റ്‌കോയ്ക്കുള്ള ഫണ്ട് കുടിശികയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു.

തൃശൂരില്‍ ഉള്‍പ്പെടെ ആകാശപ്പാത വന്നു. ഇവിടെ സാങ്കേതികവും നയപരവുമായ കാരണങ്ങള്‍ പറയുകയാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ആകാശപ്പാത പൊളിക്കുമെന്നു നിയമസഭയില്‍ ഒരു മന്ത്രിയെക്കൊണ്ട് പറയിപ്പിച്ച സര്‍ക്കാരാണു ഭരണം നടത്തുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button