അന്തർദേശീയം

പങ്കാളി കാരണമോ കുടുംബാംഗങ്ങള്‍ മൂലമോ ഒരു ദിവസം 140 സ്ത്രീകള്‍ കൊല്ലപ്പെടുന്നു: യുഎന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് : ആഗോള തലത്തില്‍ പങ്കാളി കാരണമോ കുടുംബാംഗങ്ങള്‍ മൂലമോ ശരാശരി 140 സ്ത്രീകളും പെണ്‍കുട്ടികളും ഒരു ദിവസം കൊല്ലപ്പെടുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കാണ് യുഎന്‍ ഏജന്‍സികളായ യുഎന്‍ വുമന്‍, യുഎന്‍ ഓഫീസ് ഓഫ് ഡ്രഗ്‌സ് ആന്റ് ക്രൈം എന്നിവ പുറത്തുവിട്ടത്.

കഴിഞ്ഞവര്‍ഷം ആഗോള തലത്തില്‍ പങ്കാളി കാരണമോ കുടുംബാംഗങ്ങള്‍ മൂലമോ 51,100 സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. 2022ല്‍ ഇത് 48,800 ആയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഡേറ്റ ലഭിച്ചത് കൊണ്ടാണ് മരണനിരക്ക് വര്‍ധിച്ചത്. അല്ലാതെ കൊലപാത കേസുകളുടെ എണ്ണം വര്‍ധിച്ചത് കൊണ്ടല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എല്ലായിടത്തും സ്ത്രീകളും പെണ്‍കുട്ടികളും ലിംഗാധിഷ്ഠിത ആക്രമണത്തിന് വിധേയരായി കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു പ്രദേശത്തെയും ഒഴിവാക്കാന്‍ സാധിക്കില്ല. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏറ്റവും അപകടകരമായ സ്ഥലമായി വീട് മാറിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ആഫ്രിക്കയിലാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഏറ്റവുമധികം അരങ്ങേറിയത്. 2023ല്‍ ആഫ്രിക്കയില്‍ മാത്രം 21,700 സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. ആഫ്രിക്കന്‍ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ലക്ഷം പേരില്‍ 2.9 പേര്‍ ഇത്തരത്തില്‍ ആക്രമണത്തിന് വിധേയരാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയിലും സ്ഥിതി മെച്ചമല്ല. ഒരു ലക്ഷം പേരില്‍ ശരാശരി 1.6 സ്ത്രീകളാണ് ആക്രമണത്തിന് വിധേയരാകുന്നത്. ഏഷ്യയില്‍ ഇത് താരതമ്യേനെ കുറവാണ്. ഒരു ലക്ഷം പേരില്‍ ശരാശരി 0.8 ആണ് ഏഷ്യയിലെ കണക്ക്. യൂറോപ്പില്‍ ഇത് 0.6 ആണെന്നും യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും സ്വകാര്യ ഇടങ്ങളില്‍ സ്ത്രീകള്‍ ഏറ്റവുമധികം കൊല്ലപ്പെടുന്നത് പങ്കാളികള്‍ മൂലമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നേരെമറിച്ച്, പുരുഷന്മാരുടെ കൊലപാതകങ്ങളില്‍ ഭൂരിഭാഗവും വീടുകള്‍ക്കും കുടുംബങ്ങള്‍ക്കും പുറത്താണ് നടക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button