ചേലക്കരയിൽ തുടർച്ചയായ ഏഴാം ജയവുമായി സിപിഎം, പ്രദീപിന്റെ ഭൂരിപക്ഷം 12201 വോട്ട്
തൃശൂർ : ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്റെ പൊന്നാപുരം കോട്ട കാത്ത് യു.ആര്. പ്രദീപ്. 28 വര്‍ഷം നീണ്ടുനിന്ന ഇടതുതേരോട്ടത്തിനു കടിഞ്ഞാണ്‍ ഇടാന്‍ ചേലക്കരയിലെ ആദ്യഉപതെരഞ്ഞെടുപ്പിലും യുഡിഎഫിനായില്ല. 12201 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്കുള്ള തന്റെ രണ്ടാമൂഴം പ്രദീപ് ഉറപ്പിച്ചത്.
1996ല്‍ കെ. രാധാകൃഷ്ണന് കോണ്‍ഗ്രസില്‍നിന്നും പിടിച്ചെടുത്ത ചേലക്കരയില്‍ ഇത്തവണ അദ്ദേഹം ലോക്സഭയിലേക്ക് പോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഇതോടെ മണ്ഡലം നിലനിര്‍ത്താന്‍ മുന്‍ എംഎല്‍എയായ യു.ആര്. പ്രദീപിനെ സിപിഎം കളത്തിലിറക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിന്റെയും ബിജെപിയുടെ കെ. ബാലകൃഷ്ണന്റെയും അന്‍വറിന്റെ ഡിഎംകെയുടെയും വെല്ലുവിളികളെ മറികടന്നാണ് പ്രദീപിന്റെ തേരോട്ടം. മണ്ഡലത്തില്‍ സിപിഎമ്മിന്റെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്.
യു.ആർ. പ്രദീപിനാണ് വിജയമെങ്കിലും രാധേട്ടനായിരുന്നു മണ്ഡലത്തിൽ നിറഞ്ഞു നിന്നത്. കെ. രാധാകൃഷ്ണൻ ചേലക്കരയ്ക്ക് രാധേട്ടനാണ്. കഴിഞ്ഞ 28 വർഷത്തെ ഇടതു ചരിത്രത്തിൽ 23 വർഷവും ചേലക്കരക്കാർ നെഞ്ചോട് ചേർത്തത് കെ.രാധാകൃഷ്ണനെയായിരുന്നു. രാധാകൃഷ്ണന്റെ ഇടതു പിന്തുടർച്ച പ്രദീപിലൂടെ ഒരിക്കൽകൂടി ചേലക്കരക്കാർ ഉറപ്പിച്ചിരിക്കുകയാണ്. 2021ലെ രാധാകൃഷ്ണന്റെ ഭൂരിപക്ഷമായ 39,400ലേക്ക് എത്തിയില്ലെങ്കിലും പ്രദീപിന്റേത് മികച്ച വിജയമായിരുന്നു.
2019-ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചേലക്കരയിലെ ഇടതുകോട്ടകളെ വിറപ്പിച്ച ചരിത്രം രമ്യക്ക് ആവര്‍ത്തിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ചുവപ്പുകോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ രമ്യയ്ക്കും സാധിച്ചില്ല. വരവൂർ, ദേശമംഗലം, മുള്ളൂർക്കര, ചേലക്കര, വള്ളത്തോൾ നഗർ, പാഞ്ഞാൾ പഞ്ചായത്തുകളാണ് ഇടതു കോട്ടയായി ചേലക്കരയെ പിടിച്ചു നിർത്തിയത്. പരമ്പരാഗതമായി കോൺഗ്രസിന് മേധാവിത്വമുള്ള പഴയന്നൂർ, കൊണ്ടാഴി, തിരുവില്വാമല പഞ്ചായത്തുകളിൽ രമ്യ ശക്തി കാട്ടി.
മണ്ഡലരൂപീകരണത്തിനുശേഷം 1996 വരെ നടന്ന എട്ട് തെരഞ്ഞെടുപ്പുകളില്‍ ആറിലും കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണ് കഴിഞ്ഞ 28 വര്‍ഷമായി ചുവപ്പു കോട്ടയായി മാറിയിരിക്കുന്നത്.1996ല്‍ കോണ്‍ഗ്രസ് കോട്ട പിടിക്കാനായി ഇറങ്ങിയ രാധാകൃഷ്ണന് കന്നിയങ്കത്തില്‍ 2323 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നിയമസഭാ സാമാജികനായി. പിന്നീട് 2001, 2006, 2011 വര്‍ഷങ്ങളിലും രാധാകൃഷ്ണന് വിജയതേരോട്ടം തുടര്‍ന്നു. പിന്നീട് രാധാകൃഷ്ണന്റെ കോട്ടയെന്ന് ചേലക്കരയെ വിലയിരുത്തി.2016-ല്‍ രാധാകൃഷ്ണന് മത്സരത്തില്‍നിന്ന് പിന്മാറിയതോടെ പകരക്കാരനായി യു.ആര്. പ്രദീപാണ് സിപിഎമ്മിനായി കളത്തിലിറങ്ങിയത്. 10,200 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ കെ.എ. തുളസിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് പ്രദീപ് സിപിഎമ്മിനായി മണ്ഡലം നിലനിര്‍ത്തി.
2021ല്‍ വീണ്ടും രാധാകൃഷ്ണനെത്തി. 39,400 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചുകയറിയത്. ഈ തരംഗം ഇത്തവണ പ്രദീപും ആവര്‍ത്തിച്ചു. ഇതോടെ കോണ്‍ഗ്രസിനു കിട്ടാക്കനിയായി മാറിയിരിക്കുകയാണ് ചേലക്കര.