കൂട്ടുകക്ഷി സർക്കാർ തകർന്നു, ജർമനി തെരഞ്ഞെടുപ്പിലേക്കെന്ന് സൂചന
ജര്‍മനിയിലെ കൂട്ടുകക്ഷി സര്‍ക്കാര്‍ തകര്‍ന്നു. ലിബറല്‍ ഫ്രീ ഡെമോക്രാറ്റുകളെ നയിക്കുന്ന ധനകാര്യ മന്ത്രി ക്രിസ്റ്റ്യന്‍ ലിന്‍ഡ്നറെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പുറത്താക്കി. ഷോള്‍സിന്റെ മധ്യഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകളും പരിസ്ഥിതിവാദി ഗ്രീന്‍സും ചേര്‍ന്ന് ‘ട്രാഫിക് ലൈറ്റ്സ്’ സഖ്യം എന്ന് വിളിക്കപ്പെടുന്ന ത്രിതല സഖ്യത്തിന്റെ ഭാഗമായിരുന്നു ഫ്രീ ഡെമോക്രാറ്റുകള്‍. 2021 മുതല്‍ സഖ്യമാണ് അധികാരത്തിലുള്ളത്.
ജനുവരി 15 ന് തന്റെ സര്‍ക്കാരില്‍ വിശ്വാസവോട്ട് തേടുമെന്ന് ഷോള്‍സ് പറഞ്ഞു, ഇതോടെ സെപ്റ്റംബറിന് പകരം മാര്‍ച്ചില്‍ ജര്‍മനിയില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ള വഴിയൊരുങ്ങുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഫ്രീ ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ, സഖ്യത്തില്‍ അവശേഷിക്കുന്ന പങ്കാളികള്‍ക്ക് പാര്‍ലമെന്ററി ഭൂരിപക്ഷമില്ല. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെ രാഷ്ട്രീയ അരാജകത്വത്തിലേക്ക് തള്ളിവിട്ടുകൊണ്ടാണ് ഭരണതലത്തില്‍ ആഴ്ചകളോളം ആഭ്യന്തര പിരിമുറുക്കങ്ങള്‍ ഉരുണ്ടുകൂടിയത്. സാമ്പത്തിക വളര്‍ച്ചയില്ലാത്ത രണ്ടാം വര്‍ഷമാണ് ജര്‍മ്മനി നേരിടുന്നത്. സോഷ്യല്‍ ഡെമോക്രാറ്റുകളും ഗ്രീന്‍സും സാമ്പത്തിക ഉത്തേജനത്തിനായി സര്‍ക്കാര്‍ കൂടുതല്‍ ചിലവിടണം എന്ന പക്ഷക്കാരാണ്. കൂടുതല്‍ ചെലവ് അനുവദിക്കുന്നതിനായി പൊതു കടത്തിന്റെ ഭരണഘടനാ നിയമങ്ങള്‍ തിരുത്തണമെന്നാണ് അവരുടെ പക്ഷം. ക്ഷേമ, സാമൂഹിക ബജറ്റുകള്‍ വെട്ടിക്കുറച്ചും പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ പിന്നോട്ട് നീക്കിയും നികുതി വെട്ടിക്കുറയ്ക്കാന്‍ ഫ്രീ ഡെമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നു. ഈ തര്‍ക്കമാണ് ഭരണസഖ്യത്തിന്റെ തകര്‍ച്ചയുടെ മൂലകാരണമായത്.