അന്തർദേശീയം

ഇന്തോനേഷ്യയില്‍ അഗ്നിപർവ്വത സ്ഫോടനം; മരണം 9

ജക്കാർത്ത : കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒൻപത് മരണം. ഏകദേശം 1,703 മീറ്റര്‍ ഉയരം വരുന്ന മൗണ്ട് ലെവോടോബിയിലെ ലാകി -ലാകി അഗ്നിപർവ്വതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഗർത്തത്തിൽ നിന്ന് നാല് കിലോമീറ്റർ (രണ്ട് മൈൽ) ചുറ്റളവിൽ ലാവയും പാറകളും അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ പതിക്കുകയും നിരവധി വീടുകൾ കത്തിനശിക്കുകയും ചെയ്തിരുന്നു.

ലാവയൊഴുക്കിൽ തടി കൊണ്ട് നിർമിച്ച വീടുകൾക്കാണ് തീ പിടിച്ചത്. തീയിൽ വെന്ത പാറകളും കല്ലുകളും വന്ന് പതിക്കുകയും ചെയ്തു. പ്രദേശത്ത് ചിലപ്പോൾ വെള്ളപ്പൊക്കം പോലെ ലാവ അടിഞ്ഞുകൂടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സ്‌ഫോടനത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരുന്നു. കനത്ത മഴയും ശക്തമായ ഇടിമിന്നലും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയതിനെ തുടർന്ന് ഇവരെ സുരക്ഷിതമായി ഗർത്തത്തിൽ നിന്ന് 20 കിലോമീറ്റർ (13 മൈൽ) അകലെയുള്ള മറ്റ് ഗ്രാമങ്ങളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് സെൻ്റർ ഫോർ വോൾക്കനോളജി ആൻഡ് ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ (പിവിഎംബിജി) വക്താവ് ഹാദി വിജയ പറഞ്ഞു.

അപകടത്തെത്തുടർന്ന് ഏഴ് കിലോമീറ്റർ (4.35 മൈൽ) ചുറ്റളവീലുള്ള പ്രദേശങ്ങൾ വൃത്തിയാക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്തുള്ള ഗ്രാമങ്ങൾ കട്ടിയുള്ള അഗ്നിപർവ്വത ചാരത്താൽ മൂടപ്പെട്ടിരിക്കുകയാണ്.
ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത് “പസഫിക് റിംഗ് ഓഫ് ഫയർ” എന്ന സ്ഥലത്താണ്, ഒന്നിലധികം ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന തീവ്രമായ ഭൂകമ്പ പ്രവർത്തനത്തിൻ്റെ ഒരു പ്രദേശമാണിത്.

അതേസമയം, ഇന്തോനേഷ്യയിലുടനീളം അഗ്നിപർവ്വത സ്ഫോടനങ്ങൾ സർവ്വസാധാരണമാണ്. മെയ് മാസത്തിൽ ഹൽമഹേരയിലെ മൗണ്ട് ഇബു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് അടുത്തുള്ള ഏഴ് ഗ്രാമങ്ങളിലെ ആളുകളെ മാറ്റിപാർപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button