അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ സമൂഹം ആരെ പിന്തുണക്കും?
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഡെമോക്രാറ്റിക് പാർട്ടിയുടെ കമലാ ഹരിസോ അതോ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപോ? ആര് പ്രസിഡന്റാകുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. ഇന്ത്യൻ വേരുകളുള്ള കമലാ ഹാരിസ് വിജയിച്ചാൽ ആദ്യ ഇന്ത്യൻ അമേരിക്കൻ പ്രസിഡന്റാകും അവർ. എന്നാൽ, ഡെമോക്രാറ്റിക്കിനെ പരമ്പരാഗതമായി പിന്തുണക്കുന്ന ഇന്ത്യൻ അമേരിക്കൻ വോട്ടർമാരിൽ വലിയൊരു ശതമാനം പേരുടെ പിന്തുണ കമലക്കില്ലെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ നേടിയ വോട്ടിനേക്കാൾ കുറവായിരിക്കും ഇന്ത്യൻ സമൂഹത്തിൽനിന്ന് കമലക്ക് ലഭിക്കുകയയെന്ന് കാർനെഗീ എൻഡോവ്മെന്റ് ഫോർ ഇന്റർനാഷനൽ പീസിന്റെ സർവേയിൽ പറയുന്നു.
ഇന്ത്യൻ സമൂഹത്തിൽനിന്ന് 61 ശതമാനം പേർ കമലക്ക് വോട്ട് ചെയ്യുമെന്നാണ് സർവേയിൽ പറയുന്നത്. എന്നാൽ, ഇത് 2020നെ അപേക്ഷിച്ച് നാല് ശതമാനം കുറവാണ്. മെക്സിക്കൻ അമേരിക്കൻസ് കഴിഞ്ഞാൽ 5.2 ദശലക്ഷമുള്ള ഇന്ത്യക്കാരാണ് യുഎസിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം. ഇതിൽ 2.6 ദശലക്ഷം പേർക്ക് നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകും.
ഡെമോക്രാറ്റിക് പാർട്ടിയുമായി അകലുന്ന ഇന്ത്യക്കാർ
ഡെമോക്രാറ്റിക് പാർട്ടിയുമായി ഇന്ത്യൻ സമൂഹത്തിനുള്ള ബന്ധത്തിൽ കുറവ് വന്നിട്ടുണ്ട്. 47 ശതമാനം പേരാണ് തങ്ങൾ ഇപ്പോൾ ഡെമോക്രാറ്റുകാരാണെന്ന് പറയുന്നത്. 2020ൽ ഇത് 56 ശതമാനമായിരുന്നു. കൂടാതെ റിപബ്ലിക്കൻ പാർട്ടിയുടെ ട്രംപിനുള്ള പിന്തുണ വർധിക്കുന്നതായും സർവേയിൽ വ്യക്തമാക്കുന്നു.
ഫൈവ്തേർട്ടിഎയ്റ്റിന്റെ കണക്ക് പ്രകാരം ട്രംപിന് മേൽ ഹാരിസിനുണ്ടായിരുന്ന മുൻതൂക്കം കുറഞ്ഞുവരികയാണ്. പെൻസിൽവാനിയ, ജോർജിയ, നോർത് കരോലിന, മിഷിഗൻ, അരിസോണ, വിസ്കോസിൻ, നെവാഡ എന്നിവിടങ്ങളിൽ ഇരുവരും തമ്മിൽ രണ്ട് ശതമാനം പോയിന്റുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. അതിനാൽ തന്നെ ഈ സംസ്ഥാനങ ഇന്ത്യൻ സമൂഹം ഉൾപ്പെടെയുള്ള വോട്ടർമാർ ഏറെ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ സമൂഹം കണക്കുകൾ പ്രകാരം വലുതല്ലെങ്കിലും നേരിയ ഭൂരിപക്ഷം മാത്രമുള്ളയിടങ്ങളിൽ നിർണായകമാകുമെന്ന് കാർനെഗീ എൻഡോവ്മെന്റ് ഫോർ ഇന്റർനാഷനൽ പീസിന്റെ സൗത്ത് ഏഷ്യ പ്രോഗ്രാം ഡയറക്ടർ മിലാൻ വൈഷ്ണവ് പറയുന്നു. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിനേക്കാൾ വലിയ ജനസംഖ്യയുള്ള നിരവധി സംസ്ഥാനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൻസിൽവാനിയ, ജോർജിയ, നോർത്ത് കരോലിന, മിഷിഗൺ എന്നിവിടങ്ങളിൽ ഇന്ത്യൻ അമേരിക്കൻസാണ് ഏഷ്യൻ സമൂഹങ്ങളിൽ ഏറ്റവും വലുത്.
വനിതകളുടെ പിന്തുണ കമലക്ക്
ഇന്ത്യൻ സമൂഹത്തിലെ വനിതകളിൽ 67 ശതമാനം പേരും കമലാ ഹാരിസിനെ പിന്തുണക്കുന്നവരാണ്. അതേസമയം, പുരുഷൻമാരിൽ 53 ശതമാനമാണ് പിന്തുണക്കുന്നത്. ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന കമലയുടെ നിലപാടും വനിതാ വോട്ടർമാരുടെ പിന്തുണക്ക് പിറകിലുണ്ടെന്ന് വാഷിങ്ടൺ ഡിസിയിലുള്ള ഇന്ത്യൻ അമേരിക്കൻ അഭിഭാഷകൻ അർജുൻ സേതി പറയുന്നു. അതേസമയം അതിർത്തി നയങ്ങൾ, കൂടുതൽ സൗഹൃദ നികുതി വ്യവസ്ഥകൾ എന്നിവയെല്ലാം ട്രംപിനെ അനകൂലിക്കാൻ പലരെയും പ്രേരിപ്പിക്കുന്നു.
യുവ വോട്ടർമാരിലും ലിംഗവ്യത്യാസം വലിയ രീതിയിൽ കാണുന്നുണ്ട്. 40 വയസ്സിന് മുകളിലുള്ള സ്ത്രീകളും പുരുഷൻമാരും കൂടുതലും തെരഞ്ഞെടുക്കുന്നത് ഹാരിസിനെയാണ്. 40ന് താഴെയുള്ള പുരുഷ വോട്ടർമാരുടെ പിന്തുണ ഇരുകൂട്ടരോടും തുല്യമാണ്. എന്നാൽ, സ്ത്രീകൾ വൻതോതിൽ ഹാരിസിനെ പിന്തുണക്കുന്നു. നിയമവിരുദ്ധ കുടിയേറ്റം, ആക്രമണാത്മകമായ ദേശീയത എന്നിവ സംബന്ധിച്ച ട്രംപിന്റെ നയങ്ങൾ ഇന്ത്യൻ അമേരിക്കൻ വോട്ടർമാരിൽ അനുരണനം തീർക്കുമെന്ന് ഡ്ര്യൂ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ സഞ്ജയ് മിശ്ര പറയുന്നു.
ചർച്ചയായി ഗസ്സയും
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് കൂട്ടുനിൽക്കുന്ന പ്രസിഡന്റ് ബൈഡന്റെ നിലപാടും നല്ലൊരു ശതമാനം പേർ ഡെമോക്രാറ്റിക് പാർട്ടിക്ക് പകരം റിപബ്ലിക്കിനെ പിന്തുണക്കാൻ കാരണമാകുന്നുണ്ട്. ഗസ്സയിൽ ഡെമോക്രാറ്റുകൾ സ്വീകരിച്ച നിലപാടിൽ യുവജനങ്ങൾ, പ്രത്യേകിച്ച് ഇന്ത്യൻ അമേരിക്കൻസ് നിരാശരാണെന്ന് സഞ്ജയ് മിശ്ര പറയുന്നു. പലരും പ്രതിഷേധ വോട്ട് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലെ വംശഹത്യയിൽ അസന്തുഷ്ടരായ വലിയൊരു വിഭാഗം ദക്ഷിണേഷ്യൻ യുവജനങ്ങൾ ട്രംപിനും ഹാരിസിനും വോട്ട് ചെയ്യാതെ മൂന്നാമതൊരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അഭിഭാഷകയായ അർജുൻ സേതിയും വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ട്രംപിന്റെ സൗഹൃദവും വലിയൊരു വിഭാഗം ഇന്ത്യക്കാരെ അദ്ദേഹത്തെ പിന്തുണക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് കുടിയേറ്റ വിദഗ്ധരും രാഷ്ട്രീയ വിശകലന വിദഗ്ധരും പറയുന്നു. ദീപാവലി ദിനത്തിൽ ട്രംപ് അമേരിക്കയിലെ ഹിന്ദു വോട്ടർമാരെ ലക്ഷ്യമിട്ട് ‘എക്സി’ൽ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.
അരാജകത്വത്തിൽ തുടരുന്ന ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. എന്റെ കാലത്ത് ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. കമലയും ബൈഡനും അമേരിക്കയിലെയും ലോകത്തെയും ഹിന്ദുക്കളെയും അവഗണിക്കുകയാണ്. തന്റെ ഭരണത്തിന് കീഴിൽ ഇന്ത്യയുമായും മോദിയുമായുമുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും ട്രംപ് ‘എക്സിൽ’ വ്യക്തമാക്കി.