കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം: തീരുമാനം മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ചയില്‍
തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദര്‍വേശ് സാഹിബും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും.
തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോടതിയുടെ അനുമതിയോടു കൂടി മാത്രമേ തുടരന്വേഷണവുമായി മുന്നോട്ടു പോകാനാകൂ. ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ചയില്‍ തീരുമാനമായി.
നേരത്തേ കേസ് അന്വേഷിച്ചിരുന്ന അന്വേഷണ സംഘം തന്നെ തിരൂര്‍ സതീശന്റെ മൊഴി രേഖപ്പെടുത്തും. പുതിയ മൊഴി സതീശന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇക്കാര്യം കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടി വിചാരണക്കോടതിയെ സമീപിക്കും. കേസില്‍ തുടരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടിരുന്നു.