യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു
കൊച്ചി: യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്‌ഠ കാതോലിക്കയുമായ അബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ (95) കാലം ചെയ്തു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം.
പുത്തൻകുരിശ് വടയമ്പാടിയിലെ വൈദിക പാരമ്പര്യമുള്ള ചെറുവിള്ളിൽ കുടുംബത്തിൽ മത്തായിയുടയും കുഞ്ഞാമ്മയുടെയും എട്ട് മക്കളിൽ ആറാമത്തെയാളായി 1929 ജൂലായ് 22 നാണ് ശ്രേഷ്ഠ ബാവ ജനിച്ചത്.
കുഞ്ഞുകുഞ്ഞ് എന്നായിരുന്നു ഓമനപ്പേര്. കഠിന രോഗങ്ങൾമൂലം പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി. കുറച്ച് നാൾ അഞ്ചലോട്ടക്കാരനായി ജോലിചെയ്തു.
ആത്മീയ കാര്യങ്ങളിൽ തൽപരനായിരുന്ന കുഞ്ഞുകുഞ്ഞ് പിറമാടം ദയാറയിൽ വൈദികപഠനത്തിന് ചേർന്നു. 1958 സപ്തംബർ 21-ന് മഞ്ഞനിക്കര ദയാറയിൽ വച്ച് അന്ത്യോഖ്യാ പ്രതിനിധി ഏലിയാസ് മോർ യൂലിയോസ് ബാവയിൽ നിന്നും ഫാ.സി.എം.തോമസ് ചെറുവിള്ളിൽ എന്ന പേരിൽ വൈദികപട്ടമേറ്റു. വൈദികൻ, ധ്യാനഗുരു, സുവിശേഷപ്രസംഗകൻ, സാമൂഹ്യപ്രവർത്തകൻ തുടങ്ങിയ നിലകളിൽ മികച്ച പ്രവർത്തനമാണ് തോമസ് അച്ഛൻ കാഴ്ചവെച്ചത്.
സഭയുടെ അവകാശപ്പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. പുതിയ സ്ഥാപനങ്ങൾ പടുത്തുയർത്തിയും ഭദ്രാസനങ്ങൾ സ്ഥാപിച്ചും സഭയ്ക്ക് വിസ്മയ വളർച്ച പ്രദാനം ചെയ്‌തു. പതിമൂന്ന് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികർക്ക് പട്ടം നൽകുകയും ചെയ്തു. എല്ലാവിഭാഗത്തിൽപെട്ടവരുമായി ആഴത്തിൽ സൗഹൃദം പുലർത്തിയിരുന്ന ശ്രേഷ്ഠബാവയ്ക്ക് രാഷ്ട്രീയരംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.