അന്തർദേശീയം

കാനഡയിലെ ഇന്ത്യന്‍ നടപടികള്‍ അമിത് ഷായുടെ ഉത്തരവ് പ്രകാരം : കാനഡ ഉപ വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി : കാനഡയിലെ സിഖ് വിഘടനവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ നടപടികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന വാര്‍ത്തയിലെ വിവരങ്ങള്‍ നല‍്കിയത് താനാണെന്ന് കാനഡ ഉപ വിദേശകാര്യമന്ത്രി. ആരോപണങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വാഷിങ്ടണ്‍ പോസ്റ്റിനോട് അമിത് ഷായുടെ പേര് സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ ദേശീയ സുരക്ഷാ സമിതിയിലെ പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞു.

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച്, ഉത്തരവ് നല്‍കിയ വ്യക്തി അമിത് ഷാ അല്ലേയെന്ന് ചോദിച്ചു. അതെയെന്ന് താന്‍ സ്ഥിരീകരിച്ചുവെന്ന് ഡേവിഡ് മോറിസണ്‍ സുരക്ഷാ സമിതിയിലെ പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞു. എന്നാല്‍ അമിത് ഷായുടെ ഇടപെടലിനെക്കുറിച്ച് കാനഡ എങ്ങനെ അറിഞ്ഞുവെന്ന് മോറിസണ്‍ വ്യക്തമാക്കിയിട്ടില്ല.

പുതിയ വെളിപ്പെടുത്തല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് സൂചന. 2023 ജൂണില്‍ കനേഡിയന്‍ സിഖ് പ്രവര്‍ത്തകന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത് ഏറെ വിവാദമായിരുന്നു.

എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധമെന്ന് പറഞ്ഞു തള്ളിക്കളഞ്ഞ ഇന്ത്യ, ഇതു സംബന്ധിച്ച് കാനഡ സര്‍ക്കാര്‍ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി അമിത് ഷാക്കെതിരായ പുതിയ ആരോപണത്തില്‍ ഒട്ടാവയിലെ ഇന്ത്യന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖാലിസ്ഥാന്‍ എന്നറിയപ്പെടുന്ന സ്വതന്ത്ര സിഖ് രാഷ്ട്രത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വീര്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളില്‍ പങ്കാളിത്തം ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണറെയും അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെയും ഒക്ടോബര്‍ 14-ന് കാനഡ പുറത്താക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button