ഡ്രൈവിങ് ടെസ്റ്റുകളിലെ കൂട്ടത്തോൽവികളിൽ വിശദീകരണം നല്കാനാകാതെ ട്രാൻസ്‌പോർട്ട് മാൾട്ട
ഡ്രൈവിങ് ടെസ്റ്റുകളിലെ കൂട്ടത്തോല്‍വികളില്‍ വിശദീകരണം നല്കാനാകാതെ ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ട. ചില പരീക്ഷകര്‍ക്ക് മുന്നിലെത്തുന്ന 87% പഠിതാക്കളും ടെസ്റ്റില്‍ പരാജയപ്പെടുമ്പോള്‍ ചില പരീക്ഷകരുടെ മുന്നിലെത്തുന്ന 16% പേര്‍ മാത്രമാണ് പരാജയപ്പെടുന്നത്. ഈ ആഴ്ച ആദ്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കിലാണ് 2023 ജനുവരി മുതല്‍ കാറ്റഗറി ബി (പാസഞ്ചര്‍ കാറുകള്‍) ഡ്രൈവര്‍മാരെ ടെസ്റ്റ് ചെയ്യുന്ന 14 എക്‌സാമിനര്‍മാരുടെ വിജയ നിരക്കില്‍ കാര്യമായ പൊരുത്തക്കേടുകളുണ്ടെന്ന് വെളിവായത്.
ഒരു സ്റ്റാന്‍ഡേര്‍ഡ് കാര്‍ ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ടെസ്റ്റില്‍ 58.4% പേരും പരാജയപ്പെട്ടുവെന്ന് കാണിക്കുന്ന ഡാറ്റ ക്രിസ് ബോണറ്റ് പ്രസിദ്ധീകരിച്ചു. എന്നാല്‍ ടെസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ മാറുന്നതിന് അനുസൃതമായി വ്യത്യസ്ത പാസ് നിരക്കുകളും കാണിക്കുന്നത് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, മന്ത്രാലയവും ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ടയും കൃത്യമായ ഒരു വിശദീകരണം നല്‍കാനാകാതെ കുഴങ്ങി. വരും മാസങ്ങളില്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ദീര്‍ഘകാല നടപടികള്‍ ആരംഭിക്കുമെന്ന് മാത്രമാണ് നിലവില്‍ ലഭിക്കുന്ന വിശദീകരണം. വ്യത്യസ്ത പാസ് നിരക്കുകളെ കുറിച്ച് അധികൃതര്‍ അന്വേഷിക്കണമെന്ന് പാർലമെന്റ് അംഗം ആന്റണി സമ്മൂട്ടി പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റില്‍ സ്ഥിരതയും ന്യായവും ഉറപ്പാക്കാന്‍ വിവിധ പരീക്ഷകരില്‍ ഏതെങ്കിലും തരത്തിലുള്ള മോഡറേഷന്‍ പ്രയോഗിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഡാറ്റ ഉയര്‍ത്തുന്നത് ‘ സമ്മുത് പറഞ്ഞു. നിങ്ങളുടെ എക്‌സാമിനര്‍ ആരാണെന്നതിനെ ആശ്രയിച്ച് വിജയപരാജയങ്ങള്‍ ക്രമപ്പെടുന്നത് നീതീകരിക്കാനാകാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.