നവംബർ ഒന്നുമുതൽ അന്താരാഷ്ട്ര സ്‌കാം കോളുകൾ ബ്ളോക് ചെയ്യുമെന്ന് എം.സി.എ
നവംബര്‍ ഒന്നുമുതല്‍ അന്താരാഷ്ട്ര സ്‌കാം കോളുകള്‍ ബ്‌ളോക് ചെയ്യുമെന്ന് മാള്‍ട്ട കമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി. മാള്‍ട്ടയ്ക്ക് പുറത്ത് നിന്നുള്ള ‘+356 1’, ‘+356 2’ അല്ലെങ്കില്‍ ‘+356 8’ എന്നിങ്ങനെ തുടങ്ങുന്ന സ്‌കാം കോളുകളാണ് എം.സി.എ ബ്‌ളോക് ചെയ്യുക. സെപ്തംബര്‍ 3 നും 4 നും ഇടയില്‍ രണ്ട് ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്ന് 478,000 തട്ടിപ്പ് കോളുകള്‍ അത്തരം നമ്പറുകളില്‍ നിന്ന് ലഭിച്ചതായുള്ള കമ്മ്യൂണിക്കേഷന്‍ വാച്ച് ഡോഗിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഈ നിരോധനം.
മാള്‍ട്ടീസ് സബ്‌സ്‌ക്രൈബര്‍മാരെ ലക്ഷ്യമിട്ടുള്ള ഈ വിപുലമായ തട്ടിപ്പ് കാമ്പെയ്ന്‍ വിപുലമായ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിച്ച് മാള്‍ട്ടീസ് നമ്പറുകള്‍ കൂടി ഉപയോഗിച്ചാണ് നിലവില്‍ നടക്കുന്നത്. ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റോ പ്രാദേശിക ബാങ്കോ പോലെയുള്ളവയുടെ പേരുകള്‍ ഉപയോഗിച്ചാണ് ‘കോളര്‍ ഐഡി’ (കോളിംഗ് പാര്‍ട്ടിയുടെ നമ്പര്‍) കൈകാര്യം ചെയ്യുന്ന സ്‌കാം ഫോണ്‍ കോളുകള്‍വരുന്നത്. ഇത്തരം കോളുകള്‍ക്ക് പിന്നിലുള്ള തട്ടിപ്പുകാര്‍ സ്വീകര്‍ത്താവിനോട് രഹസ്യസ്വഭാവമുള്ളതോ വ്യക്തിഗതമായതോ ആയ പാസ്‌വേഡുകള്‍, അക്കൗണ്ട് ക്രെഡന്‍ഷ്യലുകള്‍ അല്ലെങ്കില്‍ അനുബന്ധ ലോഗിന്‍ വിശദാംശങ്ങള്‍ എന്നിവ പങ്കിടാന്‍ അഭ്യര്‍ത്ഥിക്കുകയും അത് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിലാണ്, നവംബര്‍ 1 മുതല്‍, ‘+356 1’, ‘+356 2’ അല്ലെങ്കില്‍ ‘+ 356 8 എന്നിവയില്‍ ആരംഭിക്കുന്ന കോളര്‍ ഐഡിയില്‍ വിദേശത്ത് നിന്ന് മാള്‍ട്ടയിലേക്ക് കോളുകള്‍ തടയുന്നതിനുള്ള സാങ്കേതിക നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക നെറ്റ്‌വര്‍ക്കുകളോട് എം.സി.എ ആവശ്യപ്പെട്ടത്.അസാധുവായ അല്ലെങ്കില്‍ നിരോധിത മാള്‍ട്ടീസ് നമ്പറുകളുള്ള കോളുകളും അധിക ഫില്‍ട്ടറിംഗിലൂടെ തടയുമെന്ന് എംസിഎ പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് +356 2400 2400 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ കോളിന്റെ നിജസ്ഥിതി വെളിവാക്കി നല്‍കും.