കമനീയം,ആകർഷകം…30 മില്യൺ യൂറോയുടെ മാൾട്ട ഇൻ്റർനാഷണൽ കണ്ടംപററി ആർട്ട് സ്പേസ് തുറന്നു
മാള്‍ട്ടയുടെ ഏറ്റവും വലിയ ആര്‍ട്ട് പ്രോജക്ടുകളിലൊന്നായ, 30 മില്യണ്‍ യൂറോയുടെ മാള്‍ട്ട ഇന്റര്‍നാഷണല്‍ കണ്ടംപററി ആര്‍ട്ട് സ്‌പേസ് (MICAS) തുറന്നു. 8,360 ചതുരശ്ര മീറ്റര്‍ കാമ്പസില്‍ സ്ഥിതി ചെയ്യുന്ന MICAS 1,400 ചതുരശ്ര മീറ്റര്‍ ഇന്‍ഡോര്‍ ഗാലറി സ്ഥലവും ഒരു ഗിഫ്റ്റ് ഷോപ്പും ഒരു കഫേയും ഉള്‍ക്കൊള്ളുന്നതാണ്. ഈ ഞായറാഴ്ച രാവിലെ പത്തുമുതല്‍ക്കാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. ചൊവ്വ മുതല്‍ ഞായര്‍ വരെയുള്ള എല്ലാ ദിവസങ്ങളിലും MICAS തുറന്നുപ്രവര്‍ത്തിക്കും.
17ആം നൂറ്റാണ്ടിലെ കെട്ടിടങ്ങളുടെയും കോട്ടകളുടെയുംനടുവിലായി ഒസ്പിസിയോ കോംപ്ലക്‌സിനുള്ളില്‍ സജ്ജീകരിച്ചിരിക്കുന്ന ഫ്‌ലോറിയാന കലാകേന്ദ്രം യഥാര്‍ത്ഥത്തില്‍ 2021ല്‍ തുറന്നു നല്‍കേണ്ടതായിരുന്നു. പ്രകൃതിദത്ത വെളിച്ചവും വിശാലമായ ഇന്റീരിയറും പ്രയോജനപ്പെടുത്തി സ്റ്റീലും ഗ്ലാസും കൊണ്ട് നിര്‍മ്മിച്ച വലിയ കെട്ടിടത്തില്‍ വരും വര്‍ഷങ്ങളില്‍ മാള്‍ട്ടീസ്, വിദേശ കലാകാരന്മാര്‍ എന്നിവരുടെ സൃഷ്ടികള്‍ ഉണ്ടാകും. പോര്‍ച്ചുഗീസ് ആര്‍ട്ടിസ്റ്റ് ജോവാന വാസ്‌കോണ്‍സെലോസിന്റെ ഇന്‍സ്റ്റാളേഷന്‍ ആര്‍ട്ട്‌വര്‍ക്കുകള്‍ കേന്ദ്രത്തിന്റെ ആദ്യ നാളുകളില്‍ വലിയ ആകര്‍ഷണ കേന്ദ്രമാകും.
ഗാര്‍ഡന്‍ ഓഫ് ഏദന്‍, ഒരു വലിയ ഇരുട്ടുമുറിയില്‍ സ്ഥാപിച്ചിരിക്കുന്ന മിന്നുന്ന ചെടികളുടെ ചിട്ടയോടെയുള്ള ക്രമീകരണം, 15 മീറ്റര്‍ ഉയരത്തില്‍ നെയ്തതും എംബ്രോയ്ഡറി ചെയ്തതുമായ വൃക്ഷമായ ട്രീ ഓഫ് ലൈഫ്, ദൈനംദിന ഫര്‍ണീച്ചറുകളുടെ പുനര്‍രൂപകല്പന നടത്തിയ ഡൊമസ്റ്റിക് എന്ന പ്രദര്‍ശനം എന്നിവ അത്യാകര്ഷകമാണ് . അടുത്ത വര്‍ഷം ഇവിടെ ഒരു ശില്‍പ ഉദ്യാനം തുറക്കും.
അടുത്ത വര്‍ഷം മേയ് മുതല്‍ ഓഗസ്റ്റ് വരെ, മാള്‍ട്ടീസ് കലാകാരന്മാരായ സീസര്‍ അറ്റാര്‍ഡ്, ഓസ്റ്റിന്‍ കാമില്ലേരി, ജോയ്‌സ് കാമില്ലേരി, ആന്റണ്‍ ഗ്രെച്ച്, പിയറി പോര്‍ട്ടെല്ലി, വിന്‍സ് ബ്രിഫ എന്നിവരുടെ സൃഷ്ടികളും മാള്‍ട്ട ഇന്‍ ഫോക്കസ് എക്‌സിബിഷന്റെ ഭാഗമായി, അന്താരാഷ്ട്ര കലാകാരന്മാരായ മില്‍ട്ടണ്‍ ആവറി, റെഗ്ഗി ബറോസ് ഹോഡ്ജസ് എന്നിവരുടെ പ്രദര്‍ശനം 2026ലും ചാര്‍ട്ട് ചെയ്തിട്ടുണ്ട്.