സ്പോർട്സ്

വനിതാ ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി : ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍

ഷാര്‍ജ : വനിതാ ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. നിലവിലെ ചാംപ്യന്‍മാരും എട്ട് അധ്യായങ്ങളില്‍ ആറിലും കിരീടം സ്വന്തമാക്കിയവരുമായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ഹാട്രിക്ക് കിരീട നേട്ടത്തിന്റെ പകിട്ടില്‍ എത്തിയ ഓസീസിനെ നിലംപരിശാക്കി ദക്ഷിണാഫ്രിക്ക ഫൈനല്‍ കണ്ടു. തുടരെ രണ്ടാം വട്ടമാണ് അവര്‍ കലാശപ്പോരിനെത്തുന്നത്.

16 പന്തുകള്‍ ശേഷിക്കേ 8 വിക്കറ്റിന്റെ അനായാസ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ദക്ഷിണാഫ്രിക്ക 17.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 135 റണ്‍സെടുത്ത് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചു.

കഴിഞ്ഞ തവണ ഫൈനലില്‍ ഓസീസിനോടു പരാജയപ്പെട്ടാണ് അവര്‍ക്ക് കിരീടം നഷ്ടമായത്. ഇത്തവണ അതിനു പകരം ചോദിച്ചാണ് ഫൈനല്‍ പ്രവേശം. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ വെസ്റ്റ് ഇന്‍ഡീസ്- ഇംഗ്ലണ്ട് പോരാട്ടം. ഇതിലെ വിജയികളാണ് പ്രോട്ടീസ് വനിതകളുടെ ഫൈനല്‍ പോരിലെ എതിരാളികള്‍.

48 പന്തുകള്‍ നേരിട്ട് 8 ഫോറും 1 സിക്‌സും സഹിതം 74 റണ്‍സ് വാരി പുറത്താകാതെ നിന്ന അന്നകി ബോഷിന്റെ കിടിലന്‍ ബാറ്റിങാണ് പ്രോട്ടീസ് ജയം അനായാസമാക്കിയത്.

ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വോള്‍വാര്‍ട് 37 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്തു ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ലൗറയും സഹ ഓപ്പണര്‍ ടസ്മിന്‍ ബ്രിറ്റ്‌സും (15) മാത്രമാണ് പുറത്തായത്. അന്നകിക്കൊപ്പം ക്ലോ േ്രട്യാണ്‍ (1) പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകളും അന്നബല്‍ സതര്‍ലാന്‍ഡ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ബെത് മൂണിയാണ് ടോപ് സ്‌കോററായത്. താരം 44 റണ്‍സെടുത്തു. 23 പന്തില്‍ 31 റണ്‍സെടുത്ത എല്ലിസ് പെറിയാണ് തിളങ്ങിയ മറ്റൊരാള്‍. ക്യാപ്റ്റന്‍ തഹ്‌ലിയ മഗ്രാത്ത് 27 റണ്‍സ് കണ്ടെത്തി.

ദക്ഷിണാഫ്രിക്കക്കായി അയബോംഗ ഖക 2 വിക്കറ്റുകള്‍ സ്വന്തമാക്കി. മരിസന്‍ കാപ്, നോന്‍കുലുലേക മ്ലാബ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button