ദേശീയം

സല്‍മാനെ വധിക്കാന്‍ 25 ലക്ഷത്തിന്റെ കരാര്‍ : പൊലീസ് കുറ്റപത്രം

മുംബൈ : ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച് കൊലപ്പെടുത്താന്‍ സല്‍മാനെ കൊലപ്പെടുത്താനാണ് അധോലോക രാജാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം കോണ്‍ട്രാക്ട് എടുത്തതെന്ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. അഞ്ചുപേരെയാണ് കൃത്യത്തിനായി നിയോഗിച്ചിട്ടുള്ളതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

പാക്കിസ്ഥാനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളായ എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ തുര്‍ക്കി നിര്‍മിത സിഗാന ആയുധവും വാങ്ങാനാണ് നീക്കം. സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 18 വയസ്സില്‍ താഴെ പ്രായമുള്ള യുവാക്കളെ അക്രമി സംഘം വാടകയ്ക്ക് എടുത്തതായും പൊലീസ് വ്യക്തമാക്കുന്നു.

60 മുതല്‍ 70 വരെ ആളുകളാണ് സല്‍മാന്‍ ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. സല്‍മാന്റെ ബാന്ദ്രയിലെ വീട്, പന്‍വേല്‍ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും നടനെ നിരീക്ഷിക്കുന്നത്. സല്‍മാന്‍ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഹരിയാനയിലെ പാനിപ്പത്തില്‍ നിന്ന് അറസ്റ്റിലായ സുഖ, ഷാര്‍പ്പ് ഷൂട്ടര്‍ അജയ് കശ്യപ്, മറ്റു നാലുപേര്‍ എന്നിവര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നടന്റെ കനത്ത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും മൂലം കൃത്യം നടത്താന്‍ അത്യാധുനിക ആയുധങ്ങള്‍ വേണ്ടി വരുമെന്നാണ് കൊലയാളി സംഘത്തിന്റെ നിഗമനം. എകെ 47 അടക്കമുള്ള ആയുധങ്ങള്‍ എത്തിക്കുന്നതിനായി സുഖ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ആയുധ വ്യാപാരി ഡോഗറുമായി വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു.

ആയുധങ്ങള്‍ നല്‍കാന്‍ ഡോഗര്‍ സമ്മതിച്ചു. 50 ശതമാനം അഡ്വാന്‍സ് നല്‍കാമെന്നും, ബാക്കി തുക ഇന്ത്യയില്‍ ആയുധങ്ങള്‍ എത്തിയശേഷം നല്‍കാമെന്നുമാണ് ധാരണയിലെത്തിയത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി എന്നിവരുടെ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ഷൂട്ടര്‍മാര്‍. നടനെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം കന്യാകുമാരിയില്‍ ഒത്തുകൂടാനും അവിടെ നിന്ന് ബോട്ടില്‍ ശ്രീലങ്കയിലേക്ക് കടക്കാനുമാണ് അക്രമികള്‍ പദ്ധതിയിട്ടതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.

സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്തുള്ള വെടിവെപ്പ് അന്വേഷിച്ചപ്പോഴാണ് സല്‍മാന്‍ ഖാനെ അദ്ദേഹത്തിന്റെ പന്‍വേല്‍ ഫാം ഹൗസിന് സമീപത്തു വെച്ച് വധിക്കാനുള്ള ഗൂഢാലോചനയുടെ വിവരം പൊലീസിന് ലഭിച്ചത്. അടുത്തിടെയാണ് സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്തും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബാ സിദ്ദിഖി അക്രമി സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ഇതേത്തുടര്‍ന്ന് നടന്‍ സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ വസതിക്കും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button