കേരളം

മോഹന്‍ലാലിന്റെ പുതിയ ചിത്രം ബറോസിന്റെ റിലീസ് തടയണം; കോടതിയില്‍ ഹര്‍ജി

കൊച്ചി : മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന മെഗാ ത്രിഡി ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. പ്രവാസി ഇന്ത്യക്കാരനായ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് സിനിമയുടെ റിലീസ് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്.

‘ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍’ എന്ന സിനിമ തന്റെ ‘മായ’ എന്ന നോവലിന്റെ പകര്‍പ്പവകാശ ലംഘനമാണെന്നാണ് ജോര്‍ജി തുണ്ടിപ്പറമ്പില്‍ ആരോപിച്ചിട്ടുള്ളത്. സംവിധായകനും നടനുമായ മോഹന്‍ലാല്‍, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെ ജര്‍മ്മനിയില്‍ താമസക്കാരനായ ജോര്‍ജ് കേസ് കൊടുത്തിട്ടുണ്ട്.

പകര്‍പ്പവകാശ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് 2024 ജൂലൈയില്‍ മോഹന്‍ലാല്‍ അടക്കം നാലുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതുവരെ ‘ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍’ റിലീസ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ 2024 ഓഗസ്റ്റ് 11-ന് നല്‍കിയ, വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ പകര്‍പ്പവകാശ ലംഘനം നിഷേധിച്ചിരുന്നു. എന്നാല്‍ തന്റെ കൃതിയുടെ തനിപ്പകര്‍പ്പാണ് ബറോസ് സിനിമയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ബറോസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button