ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗ്രീസ്, ഇസ്രയേലിനെ മലര്‍ത്തിയടിച്ച് ഫ്രാന്‍സ്; ബ്രസീലിന് ജയം
ലണ്ടന്‍ : നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗ്രീസ്. സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് മിന്നുന്ന ജയം നേടി. ഇസ്രയേലിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്.
തുടര്‍ച്ചയായി ജയങ്ങള്‍ നേടി കൊടുത്ത് ഇംഗ്ലണ്ടിനെ വിജയപാതയിലേക്ക് നയിച്ച ഇടക്കാല കോച്ച് ലീ കാര്‍സ്ലിക്ക് തോല്‍വി തിരിച്ചടിയായി.പരിക്കേറ്റ ക്യാപ്റ്റന്‍ ഹാരി കെയ്നിന്റെ അഭാവത്തില്‍ അംഗീകൃത സ്ട്രൈക്കറില്ലാതെ ഒരു ടീമിനെ ഇറക്കാന്‍ കാര്‍സ്ലി കാണിച്ച ധൈര്യം വിമര്‍ശനം ക്ഷണിച്ചുവരുത്തി.
ആക്രണശൈലിയാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. എന്നാല്‍ പ്രതിരോധനിരയില്‍ ഉറച്ചുനിന്ന ഗ്രീസ് കിട്ടിയ അവസരം പാഴാക്കാതിരുന്നതാണ് വിജയത്തില്‍ പ്രതിഫലിച്ചത്. 49-ാം മിനിറ്റില്‍ വാംഗെലിസ് പാവ്ലിഡിസ് ആണ് ഗ്രീസിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ജൂഡ് ബെല്ലിംഗ്ഹാമിലൂടെ 87-ാം മിനിറ്റില്‍ ഇംഗ്ലണ്ട് സമനില പിടിച്ചു. എന്നാല്‍ ഈ ആശ്വാസം അധികസമയം നീണ്ടുനിന്നില്ല. സ്റ്റോപ്പേജ് ടൈമിന്റെ നാലാം മിനിറ്റില്‍ പാവ്ലിഡിസ് തന്നെ ഇംഗ്ലണ്ടിന്റെ വല കീറി.
മറ്റൊരു മത്സരത്തില്‍ കിലിയന്‍ എംബാപ്പെയുടെ അഭാവവും അന്റോയിന്‍ ഗ്രീസ്മാന്റെ ഫ്രാന്‍സിനെ തളര്‍ത്തിയില്ല. ഇസ്രായേലിനെ 4-1ന് അനായാസമായി ഫ്രാന്‍സ് കീഴടക്കി. ബ്രാഡ്ലി ബാര്‍കോള, എഡ്വാര്‍ഡോ കാമവിംഗ, ക്രിസ്റ്റഫര്‍ എന്‍കുങ്കു, മാറ്റിയോ ഗുന്‍ഡൂസി എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടിയത്. ഒമ്രി ഗാന്ഡല്മാന് ഇസ്രയേലിന് വേണ്ടി ആശ്വാസ ഗോള്‍ നേടി.
ബ്രസീലിന് ജയം
ഫിഫ ലോകകപ്പ് 2006 യോഗ്യതാമത്സരത്തില്‍ ചിലിയെ ബ്രസീല്‍ പരാജയപ്പെടുത്തി. ചിലിയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ അടിച്ച് ചിലി ഞെട്ടിച്ചെങ്കിലും ബ്രസീല്‍ കളിയില്‍ തിരിച്ചുവരികയായിരുന്നു. എഡ്വാര്‍ഡോ വര്‍ഗാസ് ആണ് ചിലിക്ക് വേണ്ടി ഗോള്‍ നേടിയത്. ഈ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. ഒന്നാം പകുതിയുടെ അധിക സമയത്ത് ഇഗോര്‍ ജീസസ് ബ്രസീലിന്റെ സമനില ഗോള്‍ നേടി. 89-ാം മിനിറ്റില്‍ ലൂയിസ് ഹെന്റിക് ആണ് ബ്രസീലിന് വിജയഗോള്‍ നേടി കൊടുത്തത്.