തെക്കൻ ലബനനിൽ വ്യാപക ഇസ്രായേൽ ആക്രമണം , വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇറാന്‍
ബെയ്‌റൂട്ട് : ഇറാനിലേക്ക് ഇസ്രയേല്‍ ഏതുനിമിഷവും നേരിട്ട് ആക്രമണം നടത്തുമെന്ന അഭ്യൂഹം പരന്നതോടെ പശ്ചിമേഷ്യന്‍ മേഖലയാകെ മുള്‍മുനയില്‍. സുരക്ഷ ശക്തമാക്കാന്‍ വിവിധ രാജ്യങ്ങള്‍ സൈന്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പ്രധാന നഗരങ്ങളിലെല്ലാം ജാഗ്രത ശക്തമാക്കി. ഇസ്രയേലിന്റെ ആക്രമണ സാധ്യത മുന്നില്‍കണ്ട് ഇറാന്‍ രാജ്യത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.
തെക്കൻ ലെബനനിൽ ഇസ്രയേല്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടു. ശനി രാത്രി ബെയ്‌റൂട്ടിലെ ദഹിയേയിലേക്ക് നടത്തിയ തുടർ ആക്രമണങ്ങൾക്ക് പിന്നാലെയാണിത്. സെപ്തംബർ 23ന് ലബനനിലേക്ക് വ്യോമാക്രമണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഭീകര മിസൈൽ, ബോംബ്‌വർഷമായിരുന്നു ശനിയാഴ്ചത്തേത്. ഒറ്റ രാത്രിയിൽ 30 തവണയാണ് ബെയ്‌റൂട്ട് ആക്രമിക്കപ്പെട്ടത്. 23 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റു. തെക്കൻ ലബനനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ വീണ്ടും ഇസ്രയേൽ ആവശ്യപ്പെട്ടു. ഹിസ്‌ബുള്ള കമാൻഡർ ഖാദർ അലി തിവാലിനെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഹിസ്‌ബുള്ള സ്ഥിരീകരിച്ചിട്ടില്ല.
യുനെസ്‍കോയുടെ പൈതൃകസ്ഥലങ്ങളുടെ പട്ടികയിലുള്ള ബാൽബെക്കിലേക്കും വ്യാപക ആക്രമണങ്ങളുണ്ടായി. ലോകപ്രസിദ്ധമായ റോമൻ ക്ഷേത്രങ്ങളുള്ള പുരാതന പ്രദേശമാണ്. സിറിയൻ അതിർത്തിയിലെ ബെകാ താഴ്‌വരയിലേക്കും കനത്ത ആക്രമണമുണ്ടായി. അതേസമയം, ഇസ്രയേലിലെ ഹൈഫയിലേക്ക് മിസൈൽ ആക്രമണം നടത്തിയതായി ഹിസ്‌ബുള്ളയും അറിയിച്ചു.
യൂറോപ്പിലും
ജാഗ്രത
ഗാസ കടന്നാക്രമണത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് ഭീകരാക്രമണ സാധ്യത മുന്നില്‍ കണ്ട് യൂറോപ്യന്‍ രാജ്യങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കി.
യൂറോപ്യന്‍ രാജ്യങ്ങളിലെ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ വന്‍ജനപങ്കാളിത്തമുണ്ട്. ഫ്രാന്‍സിലെ പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.