ക്രിമിനൽ കേസിന്റെ പേരിൽ പൗരന്മാരെ വിദേശയാത്രയിൽ നിന്ന് വിലക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ക്രിമിനൽ കേസിലെ പ്രതിയായതിന്റെ പേരിൽ വിദേശത്ത് ജോലി തേടുന്നതിൽ നിന്ന് പൗരന്മാരെ തടയാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. കുറ്റവാളിയെന്ന് കോടതി വിധിക്കാത്തിടത്തോളം കാലം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നൽകാതിരിക്കാനാവില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു.
ഇപിഎഫ്ഒ ഉദ്യോഗസ്ഥരുടെ പരാതിയിൽ കരോൾ ബാഗിലെ അമർദീപ് സിങിനെതിരെ രണ്ട് ക്രിമിനൽ കേസുകളെടുത്തിരുന്നു. ഇതിനിടെ കാനഡയിൽ ബിസിനസ് സംരംഭം ആരംഭിക്കാനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അമർദീപ് അപേക്ഷിച്ചിരുന്നു. കനേഡിയൻ വിസ ചട്ടങ്ങൾ അനുസരിച്ച് ഒരാൾക്ക് കാനഡയിൽ ബിസിനസ് ആരംഭിക്കുന്നതിന് അപേക്ഷകന്റെ രാജ്യത്ത് നിന്നുള്ള പിസിസി സമർപ്പിക്കണം. എന്നാൽ ക്രമിനിൽ കേസിൽ പ്രതിയായതിന്റെ പേരിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നിരസിച്ചു. ഇതിനെതിരെ യുവാവ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് നിലനിൽക്കെ 2019 ൽ ഹരജിക്കാരന് പാസ്പോർട്ട് പുതുക്കി നൽകിയത് വിദേശയാത്ര നടത്തുന്നത് തടയാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഹരജിക്കാരനെതിരെയുള്ള നിലവിലുള്ള കേസുകൾ പരാമർശിച്ച് പിസിസി നൽകണം. ഇത് അദ്ദേഹത്തിന്റെ വിസ അപേക്ഷ വിലയിരുത്തുന്നതിൽ കനേഡിയൻ അധികാരികൾക്ക് കൂടുതൽ സുതാര്യത നൽകുമെന്നും കോടതി പറഞ്ഞു. പിസിസി രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്നും ജസ്റ്റിസ് സഞ്ജീവ് നരുല ഉത്തരവിൽ പറഞ്ഞു.