ആന്ധ്ര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 9 മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തുള്ള പ്രമുഖ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 9 മരണം. കാസിബുഗ്ഗയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശി ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
ഇന്ന് രാവിലെയാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ അനുഭവപ്പെട്ട തിരക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേമാക്കി. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ‘ഹൃദയഭേദകം’ എന്നാണ് വിശേഷിപ്പിച്ചത്.
‘ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ മരിച്ച സംഭവം അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് വേഗത്തിലും ശരിയായ ചികിത്സയും നല്‍കാന്‍ ഞാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,’- നായിഡു പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അദ്ദേഹം പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.



