കാർഷികോൽപ്പന്ന കയറ്റുമതിയിലൂടെ 3 വർഷത്തിനുള്ളിൽ അധികം നേടിയത് 838.72 കോടി, പ്രധാനവിപണികൾ യു.എ.ഇയും അമേരിക്കയും

തിരുവനന്തപുരം : കാർഷികോൽപ്പന്ന കയറ്റുമതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലേക്കെത്തിയത് 4699.02 കോടി രൂപ. മുന്‍വര്‍ഷത്തേക്കാള്‍ 175.54 കോടി രൂപ അധികം നേടി. വിവിധ രാജ്യങ്ങളിലേക്ക് 6.86 ലക്ഷം ടണ്ണിലധികം കാർഷികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തതിലൂടെയാണ് സംസ്ഥാനം 2024–-25 സാമ്പത്തികവർഷം ഈ നേട്ടം കൊയ്തത്. മുൻ സാമ്പത്തികവർഷം (2023–-24) 6.77 ലക്ഷം ടണ്ണിലധികം കയറ്റിയയച്ച് 4523.48 കോടി രൂപയാണ് നേടിയത്. 2022–-23 സാമ്പത്തികവർഷത്തെ നേട്ടം 3860.30 കോടിയായിരുന്നു. മൂന്നുവർഷത്തിനുള്ളിൽ 838.72 കോടിയാണ് കേരളം അധികം നേടിയത്.
നടപ്പു സാമ്പത്തികവർഷം തുടക്കത്തിൽ (ഏപ്രിൽ) 401.60 കോടിയുടെ (1,38,913.08 ടൺ) കയറ്റുമതി നേടിയതായി കേന്ദ്ര കൃഷി, ഭക്ഷ്യോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കുകൾ പറയുന്നു. കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവും അധികം കയറ്റി അയച്ചത് കശുവണ്ടിയാണ്. 15,578.7 ടൺ കയറ്റുമതിയിലൂടെ 1050.21 കോടി രൂപ നേടി. ഇതിൽ 956.89 കോടിയുടെ കയറ്റുമതി കൊച്ചി തുറമുഖംവഴിയും 92.89 കോടിയുടേത് കൊച്ചി പ്രത്യേക സാമ്പത്തികമേഖല വഴിയുമായിരുന്നു.
കൊച്ചി വിമാനത്താവളംവഴിയുള്ള കയറ്റുമതിയിലൂടെ 43 ലക്ഷവും നേടി. ബസുമതി ഒഴികെയുള്ള അരിയാണ് കാർഷികോൽപ്പന്ന കയറ്റുമതിയിൽ രണ്ടാംസ്ഥാനത്ത്. 487.49 കോടിയുടെ 88,672.70 ടൺ അരി കയറ്റുമതി ചെയ്തു. മുൻവർഷം 456.49 കോടിയായിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ, കൊച്ചി തുറമുഖം എന്നിവിടങ്ങളിലൂടെ 164.05 കോടിയുടെ 2679.57 ടൺ ഡെയ്‌റി ഉൽപ്പന്നങ്ങളും വിവിധ രാജ്യങ്ങളിലേക്ക് അയച്ചു. സംസ്കരിച്ച പച്ചക്കറികൾ, പഴങ്ങൾ, പഴച്ചാറുകൾ, പൗൾട്രി ഉൽപ്പന്നങ്ങൾ, ധാന്യപ്പൊടികൾ, പൂക്കൾ എന്നിവയും മികച്ച നിലയിൽ കയറ്റുമതി ചെയ്യാനായി.
യുഎഇയിലേക്കാണ് കൂടുതൽ കാർഷികോൽപ്പന്നങ്ങൾ കടൽ കടന്നത് (3,18,604.17 ടൺ). അമേരിക്ക,സൗദി അറേബ്യ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കൊച്ചി തുറമുഖംവഴിയായിരുന്നു കൂടുതൽ കയറ്റുമതി. 3738.50 കോടി രൂപ മൂല്യമുള്ള 6,23,476.46 ടൺ കാർഷികോൽപ്പന്നങ്ങൾ കയറ്റിയയച്ചു. കൊച്ചി പ്രത്യേക സാമ്പത്തികമേഖല 373.51 കോടിയുടെയും വിമാനത്താവളം 295.52 കോടിയുടെയും കയറ്റുമതി നേടി.