യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഗ്രീസിൽ 2025-2026 അധ്യയന വർഷം അടച്ചുപൂട്ടാൻ പോകുന്നത് 700 സ്‌കൂളുകൾ

ഏതൻസ് : പഠിക്കാൻ കുട്ടികളില്ലാത്തതിനാൽ ഗ്രീസിൽ സ്‌കൂളുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. രാജ്യം നേരിടുന്ന കനത്ത ജനസംഖ്യാ പ്രതിസന്ധിയാണ് സ്‌കൂളുകളുടെ അടച്ചുപൂട്ടലിലേക്ക് നയിക്കുന്നത്. യൂറോപ്പിൽ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമാണ് ഗ്രീസ്.

ഗ്രീസ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് 700ൽ കൂടുതൽ സ്‌കൂളുകളാണ് 2025-2026 അധ്യയനവർഷം അടച്ചുപൂട്ടാൻ പോകുന്നത്. ആകെയുള്ള 13,478 സ്‌കൂളുകളുടെ അഞ്ച് ശതമാനം വരുമിത്. ഏതൻസ് പോലുള്ള വലിയ നഗരങ്ങളിൽ മാത്രമല്ല, പർവത ഗ്രാമങ്ങളിലും ദ്വീപുകളിലുമെല്ലാം ഇത് തന്നെയാണ് അവസ്ഥ.

പഠിക്കാൻ കുട്ടികളില്ല എന്നത് തന്നെയാണ് സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള കാരണം. ഗ്രീക്ക് നിയമപ്രകാരം സ്‌കൂൾ നടത്തണമെങ്കിൽ 15 കുട്ടികളെങ്കിലും വേണം. തുടർച്ചയായി മൂന്നു വർഷം ഈ ടാർഗറ്റ് തികയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ആ സ്‌കൂൾ അടച്ചുപൂട്ടും. പ്രൈമറി സ്‌കൂളുകളാണ് പ്രധാനമായും പൂട്ടുന്നത്. ഈ വർഷം 324 എലമന്ററി സ്‌കൂളുകളും 358 കിന്റർഗാർട്ടൻ സ്‌കൂളുകളും പൂട്ടി. 2018-2019 അധ്യയന വർഷത്തിൽ 247 എലമന്ററി സ്‌കൂളുകളും 312 കിന്റർഗാർട്ടൻ സ്‌കൂളുകളുമാണ് പൂട്ടിയത്. ഈ അധ്യയന വർഷം വിദ്യാർഥികളുടെ എണ്ണം 1.2 ദശലക്ഷമായി കുറഞ്ഞു. 2018-2019ൽ ഇത് 1.36 ദശലക്ഷമായിരുന്നു. ഏകദേശം 150,000 കുട്ടികളുടെ കുറവാണ് ഉണ്ടായത്.

ചില വിദ്യാർഥികൾ സ്‌കൂളിൽ പോകാൻ പ്രതിദിനം 80 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടി വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഗുരുതരമായ ‘ജനസംഖ്യാ പ്രശ്‌നം’ എന്നാണ് വിദ്യാഭ്യസ വകുപ്പ് ഉദ്യോഗസ്ഥർ നിലവിലെ പ്രതിസന്ധിയെ വിശേഷിപ്പിക്കുന്നത്. ഇത് ഭയാനകമായ അവസ്ഥയമാണെന്നും ഇവർ പറയുന്നു.

”ജനസംഖ്യാ പ്രശ്‌നം ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഓരോ വർഷവും ഞങ്ങൾ ഇത് നേരിട്ടുകൊണ്ടിരിക്കുകയാണ്. നിർഭാഗ്യവശാൽ, കുട്ടികൾ കുറഞ്ഞാൽ സ്‌കൂളുകൾ സ്ഥിരമായി അടച്ചുപൂട്ടാനാണ് നിയമം പറയുന്നത്. എങ്കിലും ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവർ പഠിക്കുന്ന സ്‌കൂളുകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്”- വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ ക്രിസ്‌റ്റോസ് സിയാമലോസ് പറഞ്ഞു.

യൂറോപ്യൻ യൂണിയനിൽ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റിറേറ്റ് ഗ്രീസിലാണ്. 2023ൽ ഗ്രീസിലെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.3 കുട്ടികൾ മാത്രമായിരുന്നു. സ്ഥിരതയുള്ള ജനസംഖ്യ നിലനിർത്താൻ ഒരു രാജ്യത്തിന് 2.1 എന്ന നിരക്ക് ആവശ്യമാണ്. ഗ്രീക്കിലെ സ്ത്രീകളുടെ പ്രസവത്തിന്റെ ശരാശരി പ്രായം 32 വയസ്സാണ്. വർഷങ്ങളായി പ്രസവം നടക്കാത്ത ഗ്രാമങ്ങളും ഗ്രീസിലുണ്ട്.

”നമ്മുടെ ക്ലാസ് റൂമുകൾ പ്രസവവാർഡുകളുടെ കണ്ണാടിയാണ്. നിർഭാഗ്യവശാൽ പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് ജനനനിരക്ക് കുറഞ്ഞുവരികയാണ്”- വിദ്യാഭ്യാസ മതകാര്യവകുപ്പ് മന്ത്രി സോഫിയ സാക്കറാക്കി പറഞ്ഞു.

ഗ്രീസ് നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെയാണ് രാജ്യത്ത് ജനന നിരക്ക് കുത്തനെ കുറഞ്ഞത്. നിരവധി യുവജനങ്ങളും വിദ്യാസമ്പന്നരും മെച്ചപ്പെട്ട അവസരങ്ങൾ തേടി രാജ്യംവിട്ടു. പണപ്പെരുപ്പവും കുതിച്ചുയരുന്ന വാടകയും കാരണം വലിയ പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്. 30 വയസ്സ് കഴിഞ്ഞിട്ടും പലരും മാതാപിതാക്കൾക്ക് ഒപ്പം തന്നെയാണ് കഴിയുന്നത്. ഇവർ സ്വന്തമായി ഒരു കുടുംബജീവിതം തുടങ്ങാൻ പറ്റിയ സാമ്പത്തിക സ്ഥിതിയില്ല.

ജനനനിരക്ക് വർധിപ്പിക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ഗ്രീക്ക് സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ സാമ്പത്തിക ആനുകൂല്യങ്ങൾ, നികുതി ഇളവുകൾ, ശിശു സംരക്ഷണത്തിന് സഹായം എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഗ്രീസ് ഒരു കുട്ടിക്ക് ചൈൽഡ് ബെനിഫിറ്റ് തുക 2,300 ഡോളറിൽ (1.9 ലക്ഷം രൂപ) നിന്ന് 2,800 ഡോളറായി (2.3 ലക്ഷം രൂപ) വർധിപ്പിച്ചു. രണ്ടോ അതിലധികമോ കുട്ടികളുള്ള മാതാപിതാക്കൾക്ക് ഇപ്പോൾ 4,000 ഡോളർ (3.3 ലക്ഷം രൂപ) ലഭിക്കുന്നു. ഏകദേശം 300,000 കുടുംബങ്ങൾക്ക് ഈ പദ്ധതിയിൽ നിന്ന് പ്രയോജനം ലഭിച്ചു. അതേസമയം ജനനനിരക്കിലെ ഇടിവ് പെട്ടെന്ന് പരിഹരിക്കാനാവുമെന്ന പ്രതീക്ഷ സർക്കാരിനില്ല. ദീർഘകാലാടിസ്ഥാനത്തിൽ ഈ പദ്ധതികൾ നിലവിലെ പ്രതിസന്ധിക്ക് വ്യത്യാസം വരുത്താൻ കഴിയുമെന്നാണ് കരുതുന്നത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button