മാൾട്ടാ വാർത്തകൾ
അപകടമരണങ്ങൾ തുടരുന്നു, ബസിനടിയിൽ പെട്ട് നക്സർ സ്വദേശിയായ 63 കാരൻ കൊല്ലപ്പെട്ടു

ബസിനടിയിൽ പെട്ട് നക്സർ സ്വദേശിയായ 63 കാരൻ കൊല്ലപ്പെട്ടു. ഫ്ലോറിയാന പാർക്ക് ആൻഡ് റൈഡിൽ ബസ് സ്വയം പിന്നിലേക്ക് ഉരുണ്ട് നീങ്ങിയതോടെ വാഹനത്തിനും മതിലിനുമിടയിൽ കുടുങ്ങിയാണ് അപകടം. എംപിടി ട്രെയിനറായ ഈ വ്യക്തി സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ മരണമടഞ്ഞു.
ഉച്ചയ്ക്ക് 1.45 നാണ് സംഭവത്തെക്കുറിച്ച് പോലീസിൽ റിപ്പോർട്ട് ലഭിച്ചത്. മെഴ്‌സിഡസ് സിറ്റാരോ ബസ് പുറകിലേക്ക് തനിയെ നീങ്ങാൻ തുടങ്ങിയതായും, ഒരാൾ മതിലിനും ബസിന്റെ വശത്തിനും ഇടയിൽ കുടുങ്ങിയതായും പോലീസ് കണ്ടെത്തി.
മേറ്റർ ഡീ ആശുപത്രിയിലെ ഒരു മെഡിക്കൽ സംഘം എത്തി ആളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും താമസിയാതെ മരണം സ്ഥിരീകരിച്ചു. മുൻവശത്ത് ലേണർ സ്റ്റിക്കർ പതിച്ച ടാലിഞ്ച ബസാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വൺ ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ച ദൃശ്യങ്ങളിൽ കാണുന്നത്.