Uncategorized

രണ്ടു മാസത്തിനകം 6000 ഇന്ത്യന്‍ തൊഴിലാളികള്‍ ഇസ്രായേലിലേക്ക്

സംഘര്‍ഷ മേഖലയിലേക്ക് തൊഴിലാളികളെ അയക്കുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രേഡ് യൂനിയനുകള്‍ രംഗത്തെത്തിയിരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള 6000 തൊഴിലാളികള്‍ ഏപ്രില്‍ – മെയ് മാസത്തില്‍ ഇസ്രായേലിലെത്തുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍. ഇസ്രായേല്‍- ഹമാസ് യുദ്ധത്തിനു പിന്നാലെ തകര്‍ന്ന കെട്ടിടങ്ങളടക്കം പുനര്‍നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 6000 നിര്‍മ്മാണ തൊഴിലാളികള്‍ ഇന്ത്യയില്‍ നിന്നും ഇസ്രയേലിലേക്ക് തിരിക്കുന്നതെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ക്ക് സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതിന് ശേഷം ഈ തൊഴിലാളികളെ വിമാനമാര്‍ഗം കൊണ്ടുപോകുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉടമ്പടി പ്രകാരമാണ് തൊഴിലാളികളെ ഇസ്രായേലിലേക്ക് കൊണ്ടു പോകുന്നത് എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്ക് പുറമേ ശ്രീലങ്ക, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഇസ്രായേലില്‍ എത്തിയതായാണ് വിവരം. ആറ് മാസത്തിലേറെയായി തുടരുന്ന ഇസ്രായേല്‍ യുദ്ധത്തിനിടയില്‍, രാജ്യത്ത് വിദേശ തൊഴിലാളികളില്‍ ഗണ്യമായ ക്ഷാമം നേരിടുന്നതിനാലാണ് ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ എത്തിക്കുന്നത് എന്നാണ് ഇസ്രായേല്‍ പറയുന്നത്. ഫലസ്തീന്‍ ജനതയെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ഇസ്രായേലിനെ പിന്തുണക്കുന്ന ഇന്ത്യന്‍ നിലപാട് കൂടിയായി ഇതിനെ വിലയിരുത്തുണ്ട്.

സുരക്ഷ ഭീതി നിലനില്‍ക്കുന്ന ഇസ്രായേലിലേക്ക് ഉഭയകക്ഷി കരാര്‍ അനുസരിച്ച് ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികളുടെ ആദ്യം സംഘം ഏപ്രില്‍ ആദ്യവാരം എത്തിയിരുന്നു. അറുപതിലധികം ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളുടെ ആദ്യ ബാച്ചാണ് ചൊവ്വാഴ്ച ഇസ്രായേലിലേക്ക് പോയതെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍ അറിയിച്ചിരുന്നു. അതേസമയം സംഘര്‍ഷ മേഖലയായ ഇസ്രായേലിലേക്ക് തൊഴിലാളികളെ അയക്കുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രേഡ് യൂനിയനുകള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button