കേരളം

പട്ടം 6 വിമാനങ്ങളുടെ വഴി മുടക്കി; തിരുവനന്തപുരം വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ ആറ് വിമാനങ്ങളുടെ വഴി മുടക്കി ആരോ പറത്തി വിട്ട പട്ടം. പരിസര വാസികളിലാരോ പറത്തിയ പട്ടമാണ് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കിയത്. ഇതേത്തുടർന്ന് 4 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. രണ്ട് വിമാനങ്ങൾ താത്കാലികമായി പിടിച്ചിടുകയും ചെയ്തു. ഇതിനു പുറമേ വ്യോമയാന പരിശീലന കേന്ദ്രത്തിൽ പരിശീലന പറക്കലും പട്ടം കാരണം മുടങ്ങി.

ശനിയാഴ്ച വൈകീട്ട് മുട്ടത്തറ പൊന്ന പാലത്തിനടുത്തുള്ള റൺവേയ്ക്കും വള്ളക്കടവ് സുലൈമാൻ തെരുവിനും ഇയ്ക്കുള്ള ഭാ​ഗത്താണ് 200 അടി ഉയരത്തിലായി പട്ടം പറന്നത്. എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ നിന്നു വിവരമറിയിച്ചതിനെ തുടർന്നു അടിയന്തര സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി. ഇറങ്ങാനെത്തിയ വിമാനങ്ങളിലെ പൈലറ്റുമാരോടു വിമാനത്താവള പരിധിയിൽ ചുറ്റിക്കറങ്ങുന്നതിനുള്ള ​ഗോ എറൗണ്ട് സന്ദേശം എയർ ട്രാഫിക്ക് കൺട്രോളിൽ നിന്നു നൽകി. പുറപ്പെടാനൊരുങ്ങിയ വിമാനങ്ങൾ തത്കാലം പാർക്കിങ് ബേയിൽ നിർത്തിയിടാനും നിർദ്ദേശിച്ചു.

4.20 നു മസ്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്, പിന്നാലെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ, ഡൽഹിയിൽ നിന്നെത്തിയ എയർ ഇന്ത്യ, ബം​ഗളൂരുവിൽ നിന്നെത്തിയ ഇൻഡി​ഗോ വിമാനങ്ങൾക്കാണ് ചുറ്റിക്കറങ്ങാൻ നിർ​ദ്ദേശം ലഭിച്ചത്. വൈകീട്ടോടെ ഹൈദരാബാദിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്, ബം​ഗളൂരുവിലേക്ക് പോകേണ്ട ഇൻഡി​ഗോ വിമാനങ്ങളാണ് പിടിച്ചിട്ടത്. വിമാനത്താവള അധികൃതർ വിവരമറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്തിയില്ല.

രണ്ട് മണിക്കൂറോളം പറന്നു നടന്ന പട്ടം താനേ നിലം പതിച്ച ശേഷമാണ് വിമാനങ്ങലുടെ തടസം നീങ്ങിയത്. വട്ടമിട്ടു പറന്ന വിമാനങ്ങൾ ഇതിനു ശേഷം ഓൾ സെയ്ന്റ്സ് ഭാ​ഗത്തെ റൺവേയിലൂടെ ഇറക്കി. പിടിച്ചിട്ട വിമാനങ്ങൾ രാത്രിയോടെ പുറപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button