വിയറ്റ്നാമിൽ കനത്ത മഴ; മണ്ണിടിഞ്ഞ് ബസിനു മുകളിൽ വീണ് 6 മരണം

ഹാനോയ് : വിയറ്റ്നാമിലെ പർവതപാതയിൽ മണ്ണിടിഞ്ഞ് യാത്രാ ബസിനു മുകളിൽ വീണ് ആറ് പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. വിയറ്റനാമിൽ കനത്ത മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഈ ആഴ്ച മുഴുവൻ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. വിയറ്റ്നാമിലെ ഉയർന്ന പ്രദേശങ്ങമായ ഖാൻ ലെ ചുരത്തിലൂടെ സഞ്ചരിക്കുമ്പോൾ ഞായർ വൈകിട്ട് ബസിന് മുകളിലേക്ക് മണ്ണും പാറകളും ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുത്തനെയുള്ള മലഞ്ചെരുവുകളിലൂടെ 33 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പാത വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്. എന്നാൽ മഴക്കാലത്ത് ഇവിടെ മണ്ണിടിച്ചിലിന് സാധ്യത കൂടുതലാണ്.
മണ്ണിടിച്ചിലിൽ ബസിന്റെ മുൻഭാഗം തകർന്നു. നിരവധി യാത്രക്കാർ ഉള്ളിൽ കുടുങ്ങി. കനത്ത മഴയിൽ ചുരത്തിന്റെ ഇരുവശത്തും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടതിനാൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്താൻ മണിക്കൂറുകളോളം പാടുപെട്ടു. അർദ്ധരാത്രിക്ക് ശേഷം മാത്രമാണ് രക്ഷാപ്രവർത്തകർക്ക് ബസിനടുത്ത് എത്താൻ സാധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു.
ഹോ ചി മിൻ സിറ്റിയിൽ നിന്ന് തീരദേശ നഗരമായ നാ ട്രാങ്ങിലേക്കുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. 32 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലാവസ്ഥ ദുഷ്കരമായത് രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തി. രണ്ട് മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം ടൈഫൂൺ കൽമേഗിയുടെ ആക്രമണത്തിൽ തകർന്ന മധ്യ വിയറ്റ്നാമിൽ കനത്ത മഴ തുടരുകയാണ്. മധ്യ വിയറ്റ്നാമിന്റെ ചില ഭാഗങ്ങളിൽ ബുധനാഴ്ച വരെ 30-60 സെന്റീമീറ്റർ മഴ ലഭിക്കുമെന്നും ചില പ്രദേശങ്ങളിൽ 85 സെന്റീമീറ്റർ മഴ ലഭിക്കുമെന്നുമാണ് പ്രവചനം. ഞായറാഴ്ച ഹ്യൂ നഗരത്തിലെ പർവതപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. വടക്കൻ വിയറ്റ്നാമിൽ നിന്ന് തെക്കൻ വിയറ്റ്നാമിലേക്ക് പോകുന്ന പ്രധാന ഹൈവേ തടസപ്പെടുകയും നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ചെയ്തു.



