ദേശീയം
തെലങ്കാനയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ഹൈദരാബാദ് : തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഭൂചലനം. 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. ആര്‍ക്കും ആളപായം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ 7.27ന് തെലങ്കാനയിലെ മുലുഗു ജില്ലയിലാണ് സംഭവം. 40 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. മുലുഗിലും ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സമീപ ജില്ലകളിലും പരിഭ്രാന്തരായ ജനങ്ങള്‍ വീടിന് പുറത്തേയ്ക്ക് ഓടി. ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് തെലങ്കാനയില്‍ ഏറ്റവും ശക്തമായ ഭൂചലനം അനുഭവപ്പെടുന്നത്. തെലങ്കാന ഏറ്റവും കുറഞ്ഞ തീവ്രതയുള്ള മേഖലയായ സീസ്മിക് സോണ്‍ രണ്ടിലാണ് ഉള്‍പ്പെടുന്നത്.