ലൂവ്ര് മ‍്യൂസിയത്തിലെ കവർച്ച; 5 പ്രതികൾ കൂടി പിടിയിൽ

പാരിസ് : ഫ്രാൻസിലെ ലൂവ്ര് മ‍്യൂസിയത്തിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് 5 പേർ കൂടി പിടിയിലായി. രാജ‍്യം വിടാൻ ശ്രമിക്കുന്നതിനിടെ നേരത്തെ രണ്ടു പ്രതികളെ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പ്രതികൾ പിടിയിലായിരിക്കുന്നത്. അതേസമയം മ‍്യൂസിയത്തിൽ നിന്നും മോഷണം പോയ ആഭരണങ്ങൾ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഒക്റ്റോബർ 19നായിരുന്നു മ‍്യൂസിയത്തിൽ കവർച്ച നടന്നത്. 102 മില‍്യൺ ഡോളർ വിലമതിക്കുന്ന 8 ആഭരണങ്ങളാണ് മോഷണം പോയത്. മ്യൂസിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നതിന്‍റെ മറ പിടിച്ചാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. മ്യൂസിയത്തിന്‍റെ തെക്കു ഭാഗത്തുള്ള അപ്പോളോ ഗ്യാലറിയിൽ പണിക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാവിലെ 9.34നാണ് ഇരുവരും എത്തിയത്.
ഈ സമയത്ത് സുരക്ഷാ മുൻ കരുതലിനായി ഘടിപ്പിച്ചിരുന്ന അലാം മുഴങ്ങിയിരുന്നു. പക്ഷേ ഒരു മിനിറ്റിനുള്ളിൽ കൊള്ളക്കാർ ആഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്ന ചില്ലു പെട്ടി ഡിസ്ക് കട്ടേഴ്സ് ഉപയോഗിച്ച് അറുത്ത് ആഭരണങ്ങൾ കവർന്നു.



