കേരളം

കുടിശ്ശിക 47.84 ലക്ഷം രൂപയായി, പാട്ടക്കരാര്‍ റദ്ദ് ചെയ്തു; ആലുവ റെസ്റ്റ് ഹൗസ് തിരിച്ചുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി : ദീര്‍ഘകാലത്തേക്ക് സ്വകാര്യ പാട്ടത്തിനു നല്‍കിയ ആലുവ പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസ് (മഹാനാമി ഹോട്ടല്‍) സംസ്ഥാന സര്‍ക്കാര്‍ തിരികെ പിടിച്ചു. റെസ്റ്റ് ഹൗസ് ഉടന്‍ ഏറ്റെടുക്കാനും റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

മഹാനാമി ഹോട്ടലിന്റെ പാട്ടക്കരാര്‍ റദ്ദ് ചെയ്തതായുള്ള സര്‍ക്കാര്‍ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കി. 2003ലാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍നിന്ന് ആലുവ റെസ്റ്റ് ഹൗസ് 30 വര്‍ഷത്തേക്ക് മൂവാറ്റുപുഴ മഹാനാമി ഹെറിറ്റേജ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടത്തിന് ഏറ്റെടുക്കുന്നത്. റെസ്റ്റ് ഹൗസിനോടു ചേര്‍ന്നുള്ള അധിക ഭൂമി 2005ല്‍ കൈമാറി. പുനരുദ്ധരിക്കുക, അറ്റകുറ്റപ്പണി നടത്തുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റം ചെയ്യുക എന്ന അടിസ്ഥാനത്തിലാണ് റെസ്റ്റ് ഹൗസ് പാട്ടത്തിന് നല്‍കിയത്. കരാര്‍പ്രകാരം നല്‍കേണ്ട പണയത്തുക ആദ്യകാലത്ത് കൃത്യമായി നല്‍കിയെങ്കിലും പിന്നീട് മുടങ്ങി. 15 ശതമാനം പലിശ ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് നല്‍കേണ്ട തുക 47.84 ലക്ഷം രൂപയായി. ഇതോടെ 2014ല്‍ കരാറുകാരനെ ഒഴിവാക്കി സര്‍ക്കാര്‍ നോട്ടീസ് നല്‍കി.

തുക ലഭിക്കാതായതോടെ 2015 ഏപ്രില്‍ 16ന് പാട്ടക്കരാര്‍ സര്‍ക്കാര്‍ റദ്ദ് ചെയ്തു. ഇതിനെതിരേ ഹോട്ടല്‍ ഉടമ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് വിധി പറഞ്ഞ ഹൈക്കോടതി, കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും പണമടയ്ക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിക്കാനും നിര്‍ദേശിച്ചു. അനുവദിച്ച സമയത്തിനുള്ളില്‍ പണമടയ്ക്കാന്‍ കരാറുകാരന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ റെസ്റ്റ് ഹൗസ് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button