കേരളം

അന്‍പത് വര്‍ഷത്തിലേറെയായ സ്വപ്‌നം യാഥാര്‍ഥ്യമായി; ഒളകരയില്‍ 44 കുടുംബങ്ങള്‍ക്ക് പട്ടയം

തൃശൂര്‍ : അന്‍പത് വര്‍ഷത്തിലേറെയായി ഈ ഭൂമിയില്‍ താത്കാലിക ഷെഡിലാണ് താമസിച്ചത്. നീണ്ട പോരാട്ടത്തിനൊടുവില്‍ ഞങ്ങളുടെ ഭൂമിയില്‍ ഞങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നു. എന്റെ കൊച്ചുമക്കള്‍ക്ക് ഇവിടെ അടച്ചുറപ്പുള്ള വീട് പണിയാം ഇനി ധൈര്യത്തോടെ സുരക്ഷിതരായി താമസിക്കാം’- ഒളകരയിലെ ഭൂമിയുടെ പട്ടയം മന്ത്രിയുടെ കൈയില്‍ നിന്ന് ലഭിച്ചതിന് പിന്നാലെ 80കാരിയ ആദിവാസി വയോധിക പറഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിന് ശേഷം ഒളകര ആദിവാസി ഉന്നതിയിലെ 44 കുടുംബങ്ങള്‍ക്കാണ് ശനിയാഴ്ച റവന്യൂ മന്ത്രി കെ രാജന്‍ ഭൂമിയുടെ പട്ടയ വിതരണം ചെയ്തത്.

44 കുടുംബങ്ങള്‍ക്ക് ഒന്നര ഏക്കര്‍ വീതം 66 ഏക്കര്‍ ഭൂമിയുടെ വനാവകാശരേഖകളാണ് മന്ത്രി നല്‍കിയത്. ഈ ഭൂമിയില്‍ വീട് നിര്‍മിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. പീച്ചി ഡാമിന്റെ നിര്‍മാണ വേളയിലാണ് ഒളകരയില്‍ താമസിക്കുന്ന വനവാസികളെ ആദ്യം കുടിയിറക്കിയത്. ചില കുടുംബങ്ങള്‍ പീച്ചി വനമേഖലയിലെ താമരവെള്ളച്ചാല്‍ മേഖലയിലും മറ്റുള്ളവര്‍ ഒളകരയിലും താമസമാക്കി. താമരവെള്ളച്ചാല്‍ മേഖലയില്‍ താമസിച്ചവര്‍ക്ക് നേരത്തെ പട്ടയം ലഭിച്ചു. എന്നാല്‍ ഒളകരയില്‍ താമസിക്കുന്നവര്‍ ഭൂമിക്കായി അവരുടെ പോരാട്ടം തുടര്‍ന്നു.

ഇതിന്റെ ഭാഗമായി തൃശൂര്‍ കലക്ടറേറ്റിന് മുന്നില്‍ ആദിവാസികള്‍ സമരം ആരംഭിച്ചു. സ്ഥലം എംഎല്‍എയും റവന്യൂ മന്ത്രിയുമായ കെ രാജന്റെ ഇടപെടലുകളെ തുടര്‍ന്നാണ് ഭൂമിയുടെ പട്ടയവിതരണം സാധ്യമായത്. അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് യോഗങ്ങള്‍ വിളിച്ചു. വനം വകുപ്പിന്റെ തടസ്സങ്ങളെ നീണ്ട പ്രക്രിയകള്‍ക്കൊടുവില്‍ നിയമപരമായി പരഹരിച്ചാണ് വനവാസികളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button