ഫ്ലോറിഡയിൽ മത്സരയോട്ടം നടത്തിയ കാർ ബാറിലേക്ക് ഇടിച്ചുകയറി നാല് പേർ മരിച്ചു; 11 പേർക്ക് പരിക്ക്

ഫ്ലോറിഡ : പോലീസിൽ നിന്നും രക്ഷപെടാൻ അമിതവേഗതയിൽ പാഞ്ഞ കാർ ബാറിലേക്ക് ഇടിച്ചുകയറി നാല് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഫ്ലോറിഡയിലെ ടാമ്പ നഗരത്തിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. നഗരത്തിൽ മത്സരയോട്ടം നടത്തിയ വാഹനം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പോലീസ് വാഹനം പിന്തുടർന്നപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
എന്നാൽ വാഹനം അമിതവേഗത്തിൽ പാഞ്ഞ് ഡൗൺ ടൗണിന് അടുത്തുള്ള വൈബോർ സിറ്റിയിലേക്ക് പ്രവേശിച്ചപ്പോൾ തങ്ങൾ പിന്മാറിയിരുന്നുവെന്നാണ് ഹൈവേ പട്രോളിംഗ് പോലീസ് പറയുന്നത്. പിന്നീട് ഹെലികോപ്റ്ററിലായിരുന്നു പിന്തുടർന്നത്. ഇതിനിടെ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം ബാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലാമനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ മറ്റ് 11 പേർ ചികിത്സയിൽ കഴിയുകയാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഏഴ് പേരുടെ നില ഗുരുതരമല്ലെന്നും രണ്ട് പേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചതായും പോലീസ് പറയുന്നു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന 22 കാരനായ സിലാസ് സാംസൺ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഹിൽസ്ബറോ കൗണ്ടി ജയിലിലേക്ക് മാറ്റി. പ്രതിക്കെതിരെ നാല് ഫസ്റ്റ് ഡിഗ്രി കുറ്റങ്ങൾ ചുമത്തിയെന്ന് പോലീസ് അറിയിച്ചു.



