ഡിറ്റ്‌വാ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 390 പേർ മരണം; 350 ലേറെ പേരെ കാണാതായി

കൊളംമ്പോ : ഡിറ്റ്‌വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 390 പേർ മരിച്ചു. 350 ലേറെ പേരെ കാണാതായി. മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്ന നിലയിലാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. അതേസമയം ദുരന്തമുഖത്തുള്ള ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യൻ നേവി എയർക്രാഫ്റ്ററായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് ഉദയഗിരിയും ചരക്കുകളുമായി ശ്രീലങ്കൻ തീരത്തെത്തി. ശ്രീലങ്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ കേലാനി, അട്ടനാഗലു നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ശ്രീലങ്കൻ അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇന്ത്യ സഹായം എത്തിക്കാൻ തീരുമാനിച്ചത്.
കൊളംബോ കൂടാതെ ഏറ്റവും കൂടുതൽ ജനവാസമുള്ള ഗംപാഹ ജില്ലയും കടുത്ത ഭീഷണിയിലാണ്. പലയിടങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ എൺപത് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം 34 പേരെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്. 44, 192 കുടുംബങ്ങളിലെ 1,48,603 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഏകദേശം 5,024 കുടുംബങ്ങളിൽ നിന്നുള്ള 14,000ത്തോളം പേരെ 195ഓളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആയിരക്കണക്കിന് വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. കനത്ത മഴയിൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
2016ന് സമാനമായി കേലാനി നദി ഇത്തവണയും കരകവിഞ്ഞ് ഒഴുകി നാശനഷ്ടങ്ങൾ ഉണ്ടാകാനാണ് സാധ്യതയെന്നാണ് വിവരം. രാജ്യത്തെ മാതല ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 24 മണിക്കൂറിനുള്ളിൽ വ്യാഴാഴ്ച രാവിലെ ആറുമണിവരെ മാത്രം 540mm മഴയാണ് ഇവിടെ പെയ്തത്. പ്രധാന പാലങ്ങളായ മൊറഗഹകണ്ട മെയിൻ പാലം, എലഹേര പാലം, കുമാര എല്ലാ പാലം എന്നിവയെല്ലാം ഒലിച്ചു പോയിട്ടുണ്ട്. അതിരൂക്ഷമായ കാലാവസ്ഥയെ തുടർന്ന് പ്രദേശത്ത് മുപ്പത് ശതമാനത്തോളം വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
ഡിറ്റ്‌വ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്‌നാട് പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമർദം തമിഴ്‌നാട്ടിൽ മഴയ്ക്ക് ഇടയാക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ, തിരുവള്ളൂർ എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



