പട്ടിണിയില്‍ വലഞ്ഞ് ഗാസ; ഭക്ഷണം കിട്ടാതെ രണ്ട് ദിവസത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ 33 മരണം

ഗാസ സിറ്റി : ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയില്‍ നേരിടുന്നത് കൊടും പട്ടിണിയെന്ന് ആഗോള സംഘടനകള്‍. ലോക രാജ്യങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഗാസ വലിയ മാനുഷിക ദുരന്തത്തിന്റെ കേന്ദ്രമാകുമെന്ന് നൂറിലധികം അന്താരാഷ്ട്ര സഹായ സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ രണ്ട് രണ്ടു ദിവസത്തിനിടെ മാത്രം 33 പേരാണ് ഗാസയില്‍ പട്ടിണി മൂലം മരിച്ചത്. ഇവരില്‍ 12 കുട്ടികളുമുണ്ട്. ഇതോടെ ഈ അടുത്ത ദിവസങ്ങളില്‍ ഗാസയില്‍ പട്ടിണി മൂലം മരിച്ചവരുടെ 101 ആയി. ഇതില്‍ എണ്ണം 80 കുട്ടികളാണെന്നുള്ളത് ഗൗരവം വര്‍ധിപ്പിക്കുന്നു. ഈനിലയില്‍ മുന്നോട്ട് പോയാല്‍ ഗാസയിലെ ദുരിതം വര്‍ധിക്കുമെന്നും, സന്നദ്ധ സംഘടനകളുടെ ഇടപെടലിന്റെ ഗുണം പോലും ഇല്ലാതാക്കുന്നു എന്നും മനുഷ്യാലകാശ സംഘടനകള്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്നു.
ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ക്കായി കാത്ത് നിന്ന ഗാസ ജനതയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 1,054 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മനുഷ്യാവകാശ സംഘടകള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ ഇതുവരെ 59,029 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 72 മരണങ്ങളാണ് ഗാസയില്‍ ഉണ്ടായിട്ടുള്ളത്.
അതേസമയം, ഗാസ പ്രദേശത്തിന്റെ 12 ശതമാനം വരുന്ന പ്രദേശത്ത് മാത്രമാണ് ഇപ്പോള്‍ പലസ്തീനികള്‍ വസിക്കുന്നതെന്നും സന്നദ്ധ സംഘടനകള്‍ പറയുന്നു. ഇസ്രായേലി ഒഴിപ്പിക്കല്‍ ഉത്തരവുകളുടെ പരിധിയില്‍ വരാത്തതോ ഇസ്രായേലി സൈനികവല്‍ക്കരിക്കപ്പെട്ട മേഖലകള്‍ക്കുള്ളിലോ ഉള്ള പ്രദേശത്ത് മാത്രമാണ് ജനങ്ങള്‍ താമസിക്കുന്നത്. 46 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയില്‍ 21 ലക്ഷം പേരാണ് താമസിക്കുന്നത്. ഗാസയിലെ ഏതാണ്ട് മുഴുവന്‍ ജനങ്ങള്‍ക്കും സര്‍വവും നഷ്ടമായെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ കണക്കുകള്‍ എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.