മഡഗാസ്കറിൽ ആഞ്ഞടിച്ച് ഗസാനി ചുഴലിക്കാറ്റ്; 31 മരണം

അന്റാനനാരിവോ : ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ മഡഗാസ്കറിൽ ആഞ്ഞടിച്ച ഗസാനി ചുഴലിക്കാറ്റിൽ 31 മരണം. ചൊവ്വാഴ്ച മഡഗാസ്കറിലെ തുറമുഖ നഗരമായ ടോമാസിനയിൽ ആഞ്ഞടിച്ച ഗസാനി വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി. തുറമുഖ നഗരത്തിന്റെ 75 ശതമാനം ഭാഗം ഗസാനി ചുഴലിക്കാറ്റിൽ തകർന്നു. ചൊവ്വാഴ്ച വൈകിട്ടോടെ മണിക്കൂറിൽ 195 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. കാറ്റ് തീരം വിട്ടെങ്കിലും മണ്ണിടിച്ചിൽ അടക്കമുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് മഡഗാസ്കറിന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിരവധി പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏകദേശം 3 കോടിയാണ് ദ്വീപ് രാഷ്ട്രത്തിലെ ജനസംഖ്യ.
രണ്ടാഴ്ച മുമ്പും മാരകമായ ചുഴലിക്കാറ്റ് മഡഗാസ്കറിൽ നാശം വിതച്ചിരുന്നു. കെട്ടിടങ്ങൾ തകർന്നുവീണാണ് 31 പേർ മരിച്ചതെന്നും 36 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും നാഷണൽ ഓഫീസ് ഫോർ റിസ്ക് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചു. നാല് പേരെ കാണാതായതായും 6,000 ത്തിലധികം ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായും ഏജൻസി അറിയിച്ചു. ഏകദേശം 300,000 നിവാസികളാണ് ടോമാസിനയിലുള്ളത്. മരണങ്ങളിൽ ഭൂരിഭാഗവും ടോമാസിന മേഖലയിലാണെന്ന് അധികൃതർ പറഞ്ഞു.
പ്രസിഡന്റ് മൈക്കൽ റാൻഡ്രിയാനിരിന, നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും താമസക്കാരെ കാണുന്നതിനുമായി ടോമാസിന സന്ദർശിച്ചതായി ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ സൈനിക അട്ടിമറിയിലൂടെയാണ് റാൻഡ്രിയാനിരിന അധികാരമേറ്റത്. ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. വെള്ളപ്പൊക്കത്തിൽ കെട്ടിടങ്ങൾ മുങ്ങിയതും മേൽക്കൂരകൾ പറന്നുപോകുന്നതും മരങ്ങൾ കടപുഴകി വീണതും ദൃശ്യങ്ങളിൽ കാണാം. ചൊവ്വാഴ്ച മുതൽ ടോമാസിനയിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
ബുധനാഴ്ച മഡഗാസ്കറിന് കുറുകെ പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങിയ ഗസാനി, ഉൾനാടുകളിലേക്ക് നീങ്ങിയപ്പോൾ ദുർബലമായ ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച മഡഗാസ്കറിനും ആഫ്രിക്കയുടെ കിഴക്കൻ തീരത്തിനും ഇടയിലുള്ള ചാനലിലേക്ക് ഗസാനി നീങ്ങുമെന്നാണ് പ്രവചനം. പിന്നീട് വീണ്ടും ഉഷ്ണമേഖലാ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് അടുത്തയാഴ്ച മഡഗാസ്കറിന്റെ തെക്കുപടിഞ്ഞാറൻ തീരത്തേക്ക് തിരിയുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഗസാനി വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ അയൽ രാജ്യമായ മൊസാംബിക്കിൽ അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ മാസം 700,000-ത്തിലധികം ആളുകളെ ബാധിച്ച വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽ നിന്ന് കരകയറുകയാണ് മൊസാംബിക്. ഗസാനി വീണ്ടും ശക്തി പ്രാപിച്ചാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ മൂന്ന് തീരദേശ പ്രവിശ്യകളിൽ വീശിയടിക്കുമെന്നും നാശനഷ്ടങ്ങളുണ്ടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ജനുവരി 31 ന് മഡഗാസ്കറിൽ വീശിയടിച്ച ഫൈതിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റിൽ 14 പേർ കൊല്ലപ്പെടുകയും 85,000 ത്തിലധികം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. മഡഗാസ്കറിനെ സഹായിക്കുന്നതിനായി ഐക്യരാഷ്ട്രസഭ അതിന്റെ അടിയന്തര പ്രതികരണ ഫണ്ടിൽ നിന്ന് 3 മില്യൺ യുഎസ് ഡോളർ അനുവദിച്ചതായി വക്താവ് സ്റ്റെഫാൻ ഡുജാറിക് തിങ്കളാഴ്ച പറഞ്ഞു. ലോകത്തിലെ നാലാമത്തെ വലിയ ദ്വീപായ മഡഗാസ്കറിൽ നവംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്.



