മെക്സിക്കോയിൽ വാഹനാപകടങ്ങൾ; 25 പേർ മരിച്ചു

മെക്സിക്കോ സിറ്റി : മെക്സിക്കോയിൽ തിങ്കളാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിൽ 25 പേർ മരിച്ചു. രാജ്യത്തിന്റെ വടക്കൻ ഭാഗത്ത്, ഒരു ട്രാക്ടർ-ട്രെയിലറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14പേർ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. യുഎസ് സംസ്ഥാനമായ ടെക്സാസിൽ നിന്നുള്ള യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 24 പേരാണ് ഉണ്ടായിരുന്നത്.
മറ്റൊരു സംഭവത്തിൽ മെക്സിക്കോയുടെ തെക്കൻ പ്രദേശമായ ഒക്സാക്കയിൽ ബസ് ഹൈവേയിൽ മറിഞ്ഞ് 11 പേർ മരിച്ചു. പന്ത്രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഒക്സാക്ക സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.