ബ്രസീലിൽ അതിശക്തമായ മഴയെത്തുടർന്നുള്ള പ്രളയത്തിലും ഉരുൾപൊട്ടലിലും 25 മരണം; 40 പേരെ കാണാനില്ല

ബ്രസീലിയ : തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്നുള്ള പ്രളയത്തിലും ഉരുൾപൊട്ടലിലും 25 പേർ മരിച്ചു. നാൽപ്പതിലധികം പേരെ കാണാതായതായാണ് വിവരം. തിങ്കളാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയിൽ ജുയിസ് ഡി ഫോറ, ഉബ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിയോ ഡി ജനീറോയിൽ നിന്ന് 310 കിലോമീറ്റർ അകലെയുള്ള ജുയിസ് ഡി ഫോറ, ഉബ നഗരങ്ങളിൽ നിന്ന് 440-ഓളം പേരെ വീടുകളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ നദികൾ കരകവിഞ്ഞൊഴുകുന്നതും വീടുകൾക്കുള്ളിൽ വെള്ളം കയറിയതും ജനജീവിതത്തെ സാരമായി ബാധിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ സുരക്ഷാ സേനയും ഫയർഫോഴ്‌സും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തിവരികയാണെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ അറിയിച്ചു.
ഉരുൾപൊട്ടൽ ഭീഷണിയുള്ള ചരിഞ്ഞ പ്രദേശങ്ങളിൽ നിന്നും താഴ്‌വരകളിൽ നിന്നും മാറിനിൽക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫെബ്രുവരി മാസത്തിൽ ലഭിക്കേണ്ട ശരാശരി മഴയുടെ ഇരട്ടിയിലധികം കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ ലഭിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. പലയിടങ്ങളിലും ചെളി നിറഞ്ഞത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പ്രദേശത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.



