പത്തനംതിട്ടയിൽ ബിജെപി-സിപിഐഎം സംഘർഷം; സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

പത്തനംതിട്ട :പത്തനംതിട്ട പെരുനാട് മാമ്പാറയിൽ ബിജെപി-സിപിഐഎം സംഘർഷത്തിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിൽ പെരുനാട് മാമ്പാറ സ്വദേശി ജിതിൻ(36)ആണ് മരിച്ചത്.
ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ജിതിന് കുത്ത് ഏൽക്കുകയായിരുന്നു. ഉടൻ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ആക്രമണത്തിൽ മറ്റ് രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.
മഠത്തുംമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത് എന്നാണ് സൂചന. എന്നാൽ സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചെന്നും ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയെന്നും എസ്പി വ്യക്തമാക്കി. ജിതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.