ചൈനീസ് മാതൃകയിൽ ഔദ്യോഗിക മെസ്സേജിങ്ങിന് സ്വന്തം ആപ്പ് വികസിപ്പിച്ച് പാകിസ്ഥാന്

ഇസ്ലാമാബാദ് : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സുരക്ഷിതമായി സന്ദേശമയക്കുന്നതിനായി സ്വന്തമായി ആപ്പ് വികസിപ്പിച്ചെടുത്ത് പാകിസ്ഥാന്. ‘ബീപ്പ്’ എന്ന് പേരുള്ള ആപ്പ് വരുംമാസങ്ങളില്‍ പുറത്തിറക്കുമെന്നാണ് പാകിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വി ചാറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ആപ്പ് രൂപീകരിച്ചിരിക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുറത്തിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗികമായി ഉപയോഗിക്കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും നേടിയെടുത്തിട്ടുണ്ടെന്നാണ് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഫൈസല്‍ ഇഖ്ബാല്‍ രത്യാല്‍ പറഞ്ഞു. രാജ്യവ്യാപകമായി പൊതുമേഖലാ ജീവനക്കാര്‍ക്ക് സുരക്ഷിതമായി സന്ദേശമയക്കുന്നതിനായി ഒരു പ്ലാറ്റ്ഫോം നല്‍കുക എന്നതാണ് ബീപ്പ് ആരംഭിക്കുന്നതിന്റെ ഉദ്ദേശ്യമെന്നും രത്യാല്‍ കമ്മിറ്റിയോട് പറഞ്ഞു. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലും അനുബന്ധ വകുപ്പുകളിലും തുടങ്ങി ഘട്ടം ഘട്ടമായി ലോഞ്ച് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഫീസുകളിലെ ഇ-ഓഫീസ് സിസ്റ്റവുമായി സംയോജിപ്പിക്കുകയും സന്ദേശമയയ്ക്കല്‍, ഡോക്യുമെന്റ് പങ്കിടല്‍, വര്‍ക്ക് ഫ്രം ഏകോപനം എന്നിവയാണ് ഇതിലൂടെ സാധ്യമാവുക. ടെക്സ്റ്റ് സന്ദേശമയക്കാനും വിഡിയോ കോളുകള്‍ നടത്താനും ഒക്കെ കഴിയും. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട് ഈ ആപ്പ്. ഡാറ്റാ സുരക്ഷയും ഔദ്യോഗിക ആശയവിനിമയങ്ങളുടെ സംരക്ഷണവും സംബന്ധിച്ച് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ ന്യൂനതകള്‍ മൂലം സമീപകാല ആഗോള സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് കമ്മിറ്റി അംഗങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ അധിക സുരക്ഷാ സവിശേഷകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് രത്യാല്‍ പറഞ്ഞു. വി ചാറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളോടെ ബീപ്പിന്റെ സെര്‍വറുകള്‍ പാകിസ്ഥാനിലായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



