കേരളം

പ്രതിഷേധക്കാര്‍ക്കെതിരേ മുഖ്യമന്ത്രി; പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുകതന്നെ ചെയ്യുമെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: കെ.റെയില്‍ വിരുദ്ധ സമരസമരക്കാര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും രംഗത്തെത്തി. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രഖ്യാപിച്ച ഒരു പദ്ധതിയും കടലാസില്‍ ഒതുങ്ങില്ല. അതേസമയം ഇന്നലെ ഉണ്ടായ പ്രതിഷേധങ്ങള്‍ വികസനത്തിനെതിരാണ്. നാടിന്റെ പുരോഗതിക്ക് കോണ്‍ഗ്രസ് എതിരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയും അവര്‍ക്കൊപ്പം ചേരുകയാണ്.
എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും പിണറായി ആവര്‍ത്തിച്ചു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കെ.റെയില്‍ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി.
അതേ സമയം കെ.റെയില്‍ വിരുദ്ധ സമരം കൂടുതല്‍ ശക്തമാകുകയാണ്. ഇന്നലെ കോഴിക്കോടും ചങ്ങനാശ്ശേരിയിലും ഉയര്‍ന്ന പ്രതിഷേധം ഇന്ന് തിരൂരിലും എറണാകുളം ചോറ്റാനിക്കരയിലുമാണ് കടുത്തത്. തിരൂര്‍ വെങ്ങാലൂരില്‍ ഇന്ന് സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റി തോട്ടില്‍ തള്ളി. നാട്ടുകാര്‍ സംഘടിച്ചാണ് പ്രതിഷേധിച്ചത്. സ്ത്രീകളും സര്‍വേക്കല്ലു പിഴുതെറിയാന്‍ നേതൃത്വം നല്‍കി. നിരവധി നാട്ടുകാരെ പൊലിസ് പിടിച്ചുമാറ്റുകയാണ്. എട്ടുപേരെയാണ് വെങ്ങാലൂര്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ സര്‍വേ കല്ലുകളിളക്കി മാറ്റിയാല്‍ പദ്ധതിയില്‍ നിന്നു പിന്‍മാറുമെന്നത് മൗഢ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടുപോയാല്‍ പദ്ധതി ഇല്ലാതാകുമോയെന്നുംകോടിയേരി പരിഹസിച്ചു.
അതേ സമയം കെ. റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ മുന്നറിയിപ്പു നല്‍കി. സമരം ഇനിയും കടുപ്പിക്കാനാണ് പോകുന്നത്. ഇവിടെ നടക്കുന്നത് ജനകീയ സമരമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തില്‍ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിര്‍ക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button