സ്പോർട്സ്

ജർമൻ കോട്ട പൊളിക്കാനാകാതെ പിഎസ്ജി,ബൊറൂഷ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

 

പാരീസ്: ജർമ്മൻ കോട്ട പൊളിക്കാനാകാതെ വിയർത്ത പി.എസ്.ജിയെ മറികടന്ന് ബൊറൂഷ്യ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. രണ്ടാം പാദ സെമിയിൽ പി.എസ്.ജിയെ അവരുടെ തട്ടകത്തിലിട്ട് തകർത്താണ് ബൊറൂഷ്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. രണ്ടാം പകുതിയിൽ മാറ്റ് ഹമ്മൽസ് നേടിയ ഏക ഗോളിനാണ് ജര്‍മന്‍ കരുത്തരുടെ വിജയം. ആദ്യ പാദത്തിലും എതിരില്ലാത്ത ഒരു ഗോളിന് ബൊറൂഷ്യ പി.എസ്.ജിയെ തകർത്തിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി 2-0 ന്‍റെ വിജയമാണ് ടീം സ്വന്തമാക്കിയത്.

പാർക് ഡെ പ്രിൻസസിൽ കളത്തിലും കണക്കിലും പി.എസ്.ജിയായിരുന്നു മുന്നിലെങ്കിലും ബൊറൂഷ്യൻ കോട്ട പൊളിക്കാൻ എംബാപ്പെക്കും സംഘത്തിനുമായില്ല. മത്സരത്തിൽ 70 ശതമാനം നേരവും പന്ത് കൈവശം വച്ചത് പി.എസ്.ജിയായിരുന്നു. 30 ഷോട്ടുകളാണ് ബൊറൂഷ്യൻ ഗോൾവലയിലേക്ക് പി.എസ്.ജി താരങ്ങൾ ഉതിർത്തത്. അതിൽ അഞ്ചും ഓൺ ടാർജറ്റായിരുന്നു.ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനകം പി.എസ്.ജിയുടെ നെഞ്ചു തകർത്ത ഗോളെത്തി. ബൊറൂഷ്യക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്ക് മനോഹരമായൊരു ഹെഡ്ഡറിലൂടെ മാറ്റ് ഹമ്മൽസ് വലയിലാക്കി. പിന്നീട് ഗോൾമടക്കാനുള്ള നിരവധി ശ്രമങ്ങൾ പി.എസ്.ജി നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഒരു പതിറ്റാണ്ടിന് ശേഷമാണ് ബൊറൂഷ്യയുടെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശം. 2013 ലാണ് ടീം അവസാനമായി ഫൈനലിന് യോഗ്യത നേടിയത്.

കലാശപ്പോരില്‍ ബൊറൂഷ്യയുടെ എതിരാളികള്‍ ആരാണെന്ന് ഇന്നറിയാം. രണ്ടാം സെമിയില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെ നേരിടും. റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവിലാണ് പോരാട്ടം. മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ജയിച്ചാല്‍ ജര്‍മന്‍ ഫൈനലിനാവും അരങ്ങൊരുങ്ങുക.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button