അന്തർദേശീയം

യുദ്ധം ഇന്ത്യയ്ക്ക് ആദ്യ സാധ്യതയല്ല, അവസാനത്തെ ആശ്രയം, ഇന്ത്യ സമാധാനത്തില്‍ വിശ്വസിക്കുന്നു: പ്രധാനമന്ത്രി


കാര്‍ഗില്‍: ഇന്ത്യ എല്ലായ്‌പ്പോഴും യുദ്ധത്തെ അവസാന ആശ്രയമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി മോദി.
എന്നാല്‍, രാജ്യത്തിന് എതിരെ ദുഷ്ടലാക്കോടെ തിരിയുന്ന ആര്‍ക്കും മറുപടി കൊടുക്കാന്‍ ഇന്ത്യയുടെ സായുധ സേനയ്ക്ക് ശക്തിയും തന്ത്രങ്ങളുമുണ്ടെന്നും മോദി കൂട്ടിചേര്‍ത്തു. ദീപാവലി ദിനത്തില്‍ സൈനികരുമായി സംവദിക്കുകയായിരുന്നു മോദി. ദീപാവലി “ഭീകരതയുടെ അവസാനത്തിന്‍റെ ആഘോഷത്തിന്‍റെ” പ്രതീകമാണെന്നും മോദി അഭിപ്രായപ്പെട്ടു.

‘ഞാന്‍ കാര്‍ഗില്‍ യുദ്ധം അടുത്ത് കണ്ടിട്ടുണ്ട്.’ 1999-ലെ കാര്‍ഗില്‍ സംഘര്‍ഷത്തിന് ശേഷം കാര്‍ഗില്‍ സന്ദര്‍ശിച്ചതും മോദി ഓര്‍ത്തെടുത്തു. അന്ന് എന്നെ കാര്‍ഗിലില്‍ എത്തിച്ചത് എന്‍റെ കടമയാണ്. വിജയത്തിന്‍റെ ശബ്ദം ചുറ്റുപാടും അലയടിക്കുന്ന ആ കാലത്തിന്‍റെ ഒത്തിരി ഓര്‍മ്മകളുണ്ടെന്നും മോദി പറഞ്ഞു. കാര്‍ഗിലില്‍ നമ്മുടെ സായുധ സേന ഭീകരതയുടെ മൂര്‍ദ്ധന്യത്തെ തകര്‍ത്തു. അന്ന് ആഘോഷിച്ച ദീപാവലി ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ എട്ട് വര്‍ഷമായി, സായുധ സേനയില്‍ പുതിയ സാങ്കേതികവിദ്യകള്‍ വിന്യസിച്ചും, അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും, സ്ത്രീകള്‍ക്ക് സൈന്യത്തിലേക്കുള്ള വഴികള്‍ തുറന്ന് കൊടുത്തും സര്‍ക്കാര്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീകളെ സായുധ സേനയില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുമെന്നും മോദി സൈനികരെ അഭിസംബോധന ചെയ്തു പറഞ്ഞു. പതിറ്റാണ്ടുകളായി സായുധ സേനയില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തികള്‍ സുരക്ഷിതവും സമ്ബദ്‌വ്യവസ്ഥ ശക്തവും സമൂഹം ആത്മവിശ്വാസം നിറഞ്ഞതുമാകുമ്ബോള്‍ ഒരു രാഷ്ട്രം സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാഹ്യവും ആഭ്യന്തരവുമായ ശത്രുക്കളെ ഇന്ത്യ ശക്തിയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. “ഭീകരതയും നക്സലിസവും തീവ്രവാദവും” രാജ്യത്തിനകത്ത് നിന്നുള്ള വെല്ലുവിളികളാണ്. ഇന്ത്യ ഒരിക്കലും യുദ്ധത്തെ ആദ്യ സാധ്യതയായി പരിഗണിച്ചിട്ടില്ല. ഇന്ത്യ എല്ലായ്‌പ്പോഴും യുദ്ധത്തെ അവസാന ആശ്രയമായി കാണുന്നുവെന്നും ആഗോള സമാധാനത്തിന് ഇന്ത്യ അനുകൂലമാണ് എന്നാല്‍ ശക്തിയില്ലാതെ സമാധാനം കൈവരിക്കാനാവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button