കേരളം

ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ; ക്ഷേമ പെൻഷനും ഉടൻ

ശർക്കര വരട്ടിയുടെ ലഭ്യതക്കുറവ്, കുറച്ച് കിറ്റുകളിൽ ചിപ്സ് ഉൾപ്പെടുത്തും


തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണ ഭക്ഷ്യ കിറ്റ് വിതരണം അടുത്താഴ്ച ആരംഭിക്കുന്നു. വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ആഗസ്റ്റ് 23, 24 തീയതികളില്‍ എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകള്‍ നല്‍കും. ആഗസ്റ്റ് 25, 26, 27 തീയതികളില്‍ പി.എച്ച്‌.എച്ച്‌ (പിങ്ക്) കാര്‍ഡുടമകള്‍ക്കും ആഗസ്റ്റ് 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുടമകള്‍ക്കും സെപ്തംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും.

നിശ്ചയിച്ച തീയതികളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ കിറ്റ് വാങ്ങാം. ഇതിനാഇ സെപ്റ്റംബര്‍ നാല് ഞായറാഴ്ച റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.

87 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യുമെന്നാണ് കരുതുന്നത്. 57 ലക്ഷം കിറ്റുകള്‍ വിതരണത്തിനു തയാറായിട്ടുണ്ട്. ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിനു പ്രത്യേക സ്ക്വാഡുകളുമുണ്ട്. ശര്‍ക്കര വരട്ടിയുടെ ലഭ്യതക്കുറവ് കാരണം കുറച്ച്‌ കിറ്റുകളില്‍ ചിപ്സ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

കാര്‍ഡുടമകള്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്നുതന്നെ കിറ്റ് കൈപ്പറ്റാന്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. നിലവിലുള്ള പോര്‍ട്ടബിലിറ്റി സംവിധാനം കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഒഴിവാക്കാന്‍ മന്ത്രി അഭ്യര്‍ഥിച്ചു.

കിറ്റില്‍ ലഭിക്കുന്ന സാധനങ്ങള്‍
കശുവണ്ടി പരിപ്പ് 50 ഗ്രാം, മില്‍മ നെയ്യ് 50 മില്ലി, ശബരി മുളക് പൊടി 100 ഗ്രാം, മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, വെളിച്ചെണ്ണ 500 മില്ലി, തേയില 100 ഗ്രാം, ശര്‍ക്കര വരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര 1 കിലോ, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 കിലോ.

ക്ഷേമ പെന്‍ഷനുകള്‍ 3200 രൂപവീതം അടുത്ത ആഴ്‌ച
ക്ഷേമ പെന്‍ഷനുകള്‍ രണ്ടു മാസത്തേത് 3,200 രൂപവീതം അടുത്ത ആഴ്‌ച വിതരണം ആരംഭിക്കും. 57 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. 2,100 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 92 ലക്ഷം റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ ഓണക്കിറ്റ്‌ 22ന്‌ വിതരണം തുടങ്ങും.

ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണത്തെ ബോണസും പ്രത്യേക അലവന്‍സും ഓണം അഡ്വാന്‍സും ഇത്തവണയും ലഭിക്കും. പൊതുമേഖല സ്ഥാപനങ്ങള്‍ മിനിമം‌ 8.33 ശതമാനം ബോണസ്‌ നല്‍കും.

ഓണച്ചന്ത 29 മുതല്‍
കണ്‍സ്യൂമര്‍ഫെഡിന്റെ‌ ഓണച്ചന്ത 29 മുതല്‍ പ്രവര്‍ത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയിലും മറ്റിനങ്ങള്‍‌ 10 മുതല്‍ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. സപ്ലൈകോ ഓണച്ചന്തകള്‍ 27 മുതലാണ്‌. ജില്ല ചന്തകളും അന്നുതന്നെ തുറക്കും. ഹോര്‍ട്ടികോര്‍പ്‌ പച്ചക്കറിമേളയും സംഘടിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button