കേരളം

ഐഎൻഎസ് വിക്രാന്ത് സെപ്റ്റംബർ രണ്ടിന് നാടിന് സമർപ്പിക്കും

കടലില്‍ ഇന്ത്യയ്ക്ക് ആകാശത്തോളം അഭിമാനം, കരുത്ത്: ഐഎൻഎസ് വിക്രാന്തിനെ കൂടുതല്‍ അറിയാം:-


കൊച്ചി : രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഫ്ലൈറ്റ് ഡെക്ക് (യുദ്ധ വിമാനങ്ങളുടെ റണ്‍വേ). കേബിളിന്‍റെ നീളം മാത്രം 2,400 കിലോമീറ്റർ, അതായത് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ദൂരം. അതി പ്രശസ്‌തമായ പാരീസിലെ ഈഫല്‍ ടവര്‍ നിർമിക്കാനെടുത്തതിനേക്കാള്‍ നാലിരട്ടി ഇരുമ്പ് കൊണ്ട് നിര്‍മാണം.

കൊച്ചി നഗരത്തെ പ്രകാശപൂരിതമാക്കാന്‍ പര്യാപ്‌തമായ എട്ട് പവർ ജനറേറ്ററുകള്‍. രണ്ട് ആഫ്രിക്കന്‍ ആനകളുടെ ഭാരമുള്ള മിഗ്-29 കെ യുദ്ധവിമാനത്തെ വഹിക്കാനുള്ള ശേഷി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്‍റെ പ്രത്യേകതകള്‍ ഇനിയുമേറെയുണ്ട്.

നിര്‍മാണം ആരംഭിച്ച് ഏകദേശം 12 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്മീഷന്‍ ചെയ്യാനൊരുങ്ങുകയാണ് ഐഎന്‍എസ് വിക്രാന്ത്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (സിഎസ്‌എൽ) പ്രത്യേകം സജ്ജീകരിച്ച വേദിയിൽ സെപ്‌റ്റംബര്‍ രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാന വാഹിനിക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്. കഴിഞ്ഞ മാസം നാലാമത്തെയും അവസാനത്തെയും സമുദ്ര പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം കപ്പല്‍ ഇന്ത്യൻ നാവികസേനക്ക് കൈമാറിയിരുന്നു.

ഇന്ത്യൻ നേവിയുടെ ഡയറക്‌ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (ഡിഎൻഡി) രൂപകല്‍പന ചെയ്‌ത കപ്പല്‍ തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലാണ് (സിഎസ്‌എല്‍) നിര്‍മിച്ചത്. 76 ശതമാനവും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച കപ്പലിന് മൂന്ന് ഘട്ടമായി 20,000 കോടി രൂപയാണ് നിര്‍മാണ ചെലവ്. 3ഡി വെർച്വൽ റിയാലിറ്റി മോഡലുകളും നൂതന എഞ്ചിനീയറിങ് സോഫ്‌റ്റ്‌വെയറും ഉപയോഗിച്ചായിരുന്നു നിർമാണം.

കപ്പലിലുള്ള സൗകര്യങ്ങള്‍: 262 മീറ്റർ നീളവും 62 മീറ്റർ വീതിയും സൂപ്പർ സ്ട്രക്‌ചര്‍ (ബേസ്‌ലൈന് മുകളിലുള്ള എക്‌സ്‌റ്റെന്‍ഷന്‍) ഉൾപ്പെടെ 59 മീറ്റർ ഉയരവുമുള്ള വിമാന വാഹിനിക്കപ്പലിന്‍റെ നിർമാണം 2009ലാണ് ആരംഭിച്ചത്. കോറിഡോറുകളുടെ നീളം മാത്രം ഏകദേശം എട്ട് കിലോമീറ്ററോളം വരും. ഏകദേശം 28 നോട്ട് (മണിക്കൂറില്‍ 51.856 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിക്കുന്ന വിക്രാന്തിന് 18 നോട്ട് ക്രൂയിസിങ് വേഗതയുമുണ്ട്.

ഫിക്‌സഡ് വിങ് (സാധാരണ വിമാനം), ഹെലികോപ്‌റ്ററുകള്‍ എന്നിങ്ങനെ 30 ഓളം വിമാനങ്ങൾ വഹിക്കാനാകുന്ന കപ്പലില്‍ നിന്ന് തുടക്കത്തിൽ മിഗ്-29 കെ യുദ്ധവിമാനങ്ങളും കെ-31 ഹെലികോപ്റ്ററുകളുമാണ് ഉൾക്കൊള്ളുക. റഫാൽ (എം), എഫ്-18 സൂപ്പർ ഹോർനെറ്റ് തുടങ്ങിയ യുദ്ധവിമാനങ്ങളും ഭാവിയില്‍ വിക്രാന്തില്‍ നിന്ന് പറന്നുയര്‍ന്നേക്കാം. നാവികസേനയുടെ എസ്‌ടിഒബിഎആർ (ഷോർട്ട് ടേക്ക് ഓഫ് ബട്ട് അറസ്റ്റഡ് ലാൻഡിങ്) എന്നറിയപ്പെടുന്ന ഒരു പുതിയ എയർക്രാഫ്റ്റ്-ഓപ്പറേഷൻ മോഡും കപ്പലില്‍ ഉണ്ട്.

സൂപ്പർ സ്ട്രക്‌ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കമ്പാർട്ടുമെന്‍റുകളാണ് കപ്പലിലുള്ളത്. 1,700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്‌ത കപ്പലിൽ വനിത ഓഫിസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ആശുപത്രി സമുച്ചയവും ഒരു ദിവസം 5,000 പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്ന മൂന്ന് ഓട്ടോമേറ്റഡ് ഗാലികളും (കപ്പലിലെ അടുക്കള) വിക്രാന്തിലുണ്ട്.

ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലിനുള്ള ആദരവ്: 2010ൽ കപ്പലിന്‍റെ നിർമാണം പൂർത്തിയാക്കാനും 2014ൽ കമ്മീഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നീണ്ട് പോവുകയായിരുന്നു. കൊവിഡ് ഉൾപ്പെടെ നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്‌താണ് വിക്രാന്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്

നിര്‍മാണത്തിന് ആവശ്യമായ ഉരുക്ക് റഷ്യയില്‍നിന്ന് എത്തിക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും ഇതും നീണ്ടു പോയി. തുടര്‍ന്നാണ് ഡിആര്‍ഡിഒയുടെ സാങ്കേതികസഹായത്തോടെ കപ്പല്‍ നിര്‍മാണത്തിന് ആവശ്യമായ ഉരുക്ക് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ തന്നെ നിര്‍മിച്ചത്. 2021 ഓഗസ്റ്റിലാണ് ഐഎന്‍എസ് വിക്രാന്ത് ആദ്യ സമുദ്ര പരീക്ഷണം നടത്തിയത്.

1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ സുപ്രധാന പങ്ക് വഹിച്ച പിന്നീട് 1997 ഡീകമ്മീഷന്‍ ചെയ്‌ത ഇന്ത്യയുടെ ആദ്യത്തെ വിമാന വാഹിനിക്കപ്പലിന്‍റെ നാമധേയത്തിലാണ് കപ്പല്‍ അറിയപ്പെടുക. സംസ്‌കൃതത്തില്‍ ‘ധീരന്‍’, ‘വിജയി’ എന്നാണ് വിക്രാന്ത് എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. രാജ്യത്തിന്‍റെ സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ വിമാന വാഹിനിക്കപ്പല്‍ ഏറെ ഗുണകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ നാവികസേനയ്ക്ക് വിക്രാന്ത് കരുത്താകുമെന്ന് സതേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് വൈസ് അഡ്‌മിറല്‍ എം.എ ഹംപിഹോളി പറഞ്ഞു. ബ്ലൂ വാട്ടര്‍ നേവിക്കായുള്ള ആദ്യ ചുവട് വയ്പ്പും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ (IOR) ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയുമാണ് വിക്രാന്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button