മാൾട്ടാ വാർത്തകൾ
20 മില്യൺ യൂറോയുടെ ഫ്രീപോർട്ടിലെ കൊക്കെയ്ൻ കടത്ത് : ഒരാൾ കൂടി അറസ്റ്റിൽ
മാൾട്ട ഫ്രീപോർട്ടിൽ നിന്ന് 146 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. 31 വയസ്സുള്ള സെജ്തൂനെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ഇയാളിൽ നിന്നും പണം, ആഡംബര കാറുകൾ, ആഭരണങ്ങൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. നവംബർ 12 നാണ് ഫ്രീ പോർട്ടിലെ ട്രക്കിൽ നിന്ന് 20 മില്യൺ യൂറോ മൂല്യമുള്ള കൊക്കെയ്ൻ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ആദ്യം നാലുപേരെയും പിന്നീട് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊക്കെയ്ൻ എന്ന മയക്കുമരുന്നിന് തെരുവ് മൂല്യം 20 മില്യൺ യൂറോയാണെന്നാണ് കണക്കാക്കിയിരുന്നത്.