ഇന്ത്യക്ക് നിരാശ, ലങ്കക്ക് വിജയത്തോളം പോന്ന ടൈ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തിന് സൂപ്പർ ട്വിസ്റ്റ്. ആദ്യം ബാറ്റുചെയ്ത ലങ്ക എട്ടുവിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 230 റൺസ് പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടവും അതേ സ്കോറിൽ അവസാനിക്കുകയായിരുന്നു. തുല്യ സ്കോറിൽ നിൽക്കേ ഇന്ത്യയുടെ ശിവം ദുബേയെയും അർഷ്ദീപ് സിങ്ങിനെയും തുടരെയുള്ള പന്തുകളിൽ പുറത്താക്കിയ അസലങ്കയാണ് ലങ്കക്ക് വിജയത്തോളം പോന്ന ടൈ നൽകിയത്. പുതിയ കോച്ച് ഗൗതം ഗംഭീറിെൻറ ശിക്ഷണത്തിൽ ആദ്യ ഏകദിനത്തിനിറങ്ങിയ ഇന്ത്യക്ക് മത്സരം നൽകിയത് നിരാശ മാത്രം.
ആദ്യം ബാറ്റുചെയ്ത ലങ്ക പതും നിസ്സാങ്കയുടെയും (56) ദുനിത് വെല്ലാലഗെയുടെയും (67) മികവിലാണ് പൊരുതാവുന്ന സ്കോറുയർത്തിയത്. 142 റൺസിന് ആറ് വിക്കറ്റ് വീണ ലങ്കയെ വനിന്ദു ഹസരങ്കയെയും (24), ധനഞ്ജയയെും (17) കൂട്ടുപിടിച്ച് വെല്ലാലഗെ 230ലെത്തിക്കുകയായിരുന്നു. ഇന്ത്യക്കായി അർഷ്ദീപ് സിങ്ങും അക്സർ പട്ടേലും രണ്ടും മുഹമ്മദ് സിറാജ്, ശിവം ദുബെ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ 58 (47) മിന്നും തുടക്കമാണ് നൽകിയത്. എന്നാൽ മറ്റുള്ള ബാറ്റർമാർ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ആർക്കും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല. ശുഭ്മൻ ഗിൽ (16), വിരാട് കോലി (24), വാഷിങ്ടൺ സുന്ദർ (5), ശ്രേയസ് അയ്യർ (23), കെ.എൽ രാഹുൽ (31), അക്സർ പട്ടേൽ (33), ശിവം ദുബൈ (25) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.
ടൈ പിറന്നതിങ്ങനെ
ബൗളർമാരെയും കൂട്ടുപിടിച്ച് ദുബെ ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചു. ഇന്ത്യൻ സ്കോർ എട്ടിന് 211ൽ നിൽക്കേ ക്രീസിലെത്തിയ സിറാജിനെ കൂട്ടുപിടിച്ച് ദുബെ ഇന്ത്യൻ സ്കോർ 230ലെത്തിച്ചു. എന്നാൽ അസലങ്കയുടെ പന്ത് ദുബെയുടെ പാഡിൽ തട്ടി തെറിച്ചതോടെ റൺസ് ഓടിയെടുത്ത ഇന്ത്യ വിജയം ആഘോഷിക്കവേ ലങ്ക റിവ്യൂ ചെയ്യുന്നു. ദുബെ വിക്കറ്റിനുമുന്നിൽ കുടുങ്ങിയെന്ന് റിവ്യൂവിൽ വ്യക്തം. തുടർന്ന് ക്രീസിലെത്തിയ അർഷ്ദീപ് സിങ്ങിനെയും ആദ്യ പന്തിൽ തന്നെ അസലങ്ക വിക്കറ്റിന് മുന്നിൽ കുരുക്കി. ഇന്ത്യ റിവ്യൂ ചെയ്തെങ്കിലും അത് വിഫലമായി. ഫലത്തിൽ ലങ്കക്ക് ലഭിച്ചത് വിജയത്തോളം പോന്ന സമനില.