ജാർഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കൻവാർ തീർഥാടകർ മരിച്ചു

ദിയോഘർ : ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കൻവാർ തീർഥാടകർ മരിച്ചു. ദേവ്ഗഢില്‍ ഇന്ന് പുലര്‍ച്ചെ 4. 30ഓടെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പാചക വാതക സിലിണ്ടറുകൾ നിറച്ച ട്രക്കുമായാണ് ബസ് കൂട്ടിയിടിച്ചത്.
മോഹൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ വനത്തിന് സമീപമാണ് അപകടമുണ്ടായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 32 സീറ്റുള്ള ബസാണ് അപകടത്തില്‍ പെട്ടതെന്ന് അധികൃതര്‍ പറയുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തന്‍റെ ലോക്‌സഭാ മണ്ഡലമായ ദിയോഘറിൽ,ൽ കൻവാർ യാത്രയ്ക്കിടെ ബസും ട്രക്കും ഉൾപ്പെട്ട ദാരുണമായ അപകടത്തിൽ 18 ഭക്തർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് ഗോഡ്ഡ എംപി നിഷികാന്ത് ദുബെ അറിയിച്ചു. അതേസമയം,അപകടത്തില്‍ അഞ്ചുപേരാണ് മരിച്ചതെന്നും ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ഇൻസ്പെക്ടർ ജനറൽ ശൈലേന്ദ്ര കുമാർ സിൻഹ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ബസുകിനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു ബസിലുണ്ടായിരുന്ന തീര്‍ഥാടകരെന്ന് ദിയോഘർ സബ് ഡിവിഷണൽ ഓഫീസർ രവി കുമാർ പറഞ്ഞു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ‘ജാർഖണ്ഡിലെ ദിയോഗറിൽ ഉണ്ടായ വാഹനാപകടം അങ്ങേയറ്റം ദാരുണമാണ്. ഈ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട ഭക്തരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ വേദന സഹിക്കാൻ ദൈവം അവർക്ക് ശക്തി നൽകട്ടെ. ഇതോടൊപ്പം, പരിക്കേറ്റ എല്ലാവരുടെയും വേഗം സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, ”പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സിൽ’ പോസ്റ്റ് ചെയ്തു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അറിക്കുകയും ചെയ്തു.