ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി; 18 മരണം

ഏതൻസ് : മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ ബോട്ട് മുങ്ങി 18 കുടിയേറ്റക്കാർ മരിച്ചതായി അധികൃതർ ശനിയാഴ്ച അറിയിച്ചു. വായു നിറച്ച ബോട്ടിൽ മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച ഇതുവഴി കടന്നുപോയ തുർക്കി വ്യാപാര കപ്പലാണ് പകുതി മുങ്ങിയ നിലയിൽ ബോട്ട് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. രണ്ട് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ആളുകൾക്ക് യൂറോപ്യൻ യൂണിയനിലേക്കുള്ള പ്രധാന പ്രവേശന കേന്ദ്രമാണ് ഗ്രീസ്. സമാനമായ അപകടങ്ങൾ മുമ്പും പ്രദേശത്തുണ്ടായിട്ടുണ്ട്. തുർക്കിയുടെ തീരത്ത് നിന്ന് അടുത്തുള്ള ഗ്രീക്ക് ദ്വീപുകളിലേക്ക് വായു നിറച്ച ഡിങ്കികളിലോ ചെറിയ ബോട്ടുകളിലോ ഉള്ള യാത്ര നിരന്തരമായി അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. സമീപ മാസങ്ങളിൽ, ലിബിയയിൽ നിന്ന് ക്രീറ്റിലേക്കുള്ള വരവ് വർദ്ധിച്ചതായി അധികൃതർ പറഞ്ഞു.
ശനിയാഴ്ച അപകടത്തിൽപ്പെട്ട ബോട്ട് എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. യൂറോപ്യൻ അതിർത്തി ഏജൻസിയായ ഫ്രോണ്ടക്സിൽ നിന്നുള്ള ഒരു കപ്പലും വിമാനവും ഗ്രീക്ക് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററും മൂന്ന് വ്യാപാര കപ്പലുകളും തിരച്ചിൽ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.



