ബ്രസീലിൽ ബസ് നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ച് മറിഞ്ഞു; 17 മരണം

സാവോ പോളോ : വടക്കുകിഴക്കൻ ബ്രസീലിൽ യാത്രാ ബസ് മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞ് അപകടം. 17 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ബസിൽ ഏകദേശം 30 യാത്രക്കാരുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എത്ര പേർക്ക് പരിക്കേറ്റു എന്ന കാര്യം വ്യക്തമല്ല. പെർനാംബുക്കോ സംസ്ഥാനത്തെ സലോയി നഗരത്തിലായിരുന്നു അപകടം. അയൽ സംസ്ഥാനമായ ബഹിയയിലെ ബ്രൂമാഡോ നഗരത്തിലേക്ക് പോകുകയായിരുന്നു ബസ്.
ബസ് നിയന്ത്രണം വിട്ട് എതിർ ലെയ്നിലേക്ക് കടന്നു റോഡരികിലെ പാറകളിൽ ഇടിച്ചുകയറിയതായി പൊലീസ് പറഞ്ഞു. തുടർന്ന് ശരിയായ ലെയ്നിലേക്ക് തിരിച്ചുവന്നെങ്കിലും മണൽത്തിട്ടയിൽ ഇടിച്ചുകയറി വാഹനം മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ഡ്രൈവർക്ക് നിസാര പരിക്കുകളേ ഉള്ളൂവെന്നും മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയിൽ തെളിഞ്ഞതായും പൊലീസ് പറഞ്ഞു.
ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024-ൽ ബ്രസീലിൽ വാഹനാപകടങ്ങളിൽ 10,000-ത്തിലധികം പേർ മരിച്ചു. 2025 ഏപ്രിലിൽ, തെക്കുകിഴക്കൻ ബ്രസീലിൽ യാത്രാ ബസ് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. ഫെബ്രുവരിയിൽ, സാവോ പോളോ സംസ്ഥാനത്തെ ഒരു ഹൈവേയിൽ യൂണിവേഴ്സിറ്റി വിദ്യാർഥികളുമായി പോയ ഒരു ബസും ഒരു ട്രക്കും കൂട്ടിയിടിച്ച് 12 യാത്രക്കാർ കൊല്ലപ്പെട്ടു. സെപ്തംബറിൽ, കൊറിറ്റിബ ക്രോക്കഡൈൽസ് ഫുട്ബോൾ ടീം സഞ്ചരിച്ചിരുന്ന ബസ് റോഡിൽ മറിഞ്ഞ് മൂന്ന് പേർ മരിച്ചു.