അന്തർദേശീയം
കംബോഡിയയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 മരണം

നോം പെൻ : കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. പ്രശസ്തമായ അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയത്തിന്റെ ആസ്ഥാനമായ സീം റീപ്പിൽ നിന്ന് തലസ്ഥാനമായ നോം പെന്നിലേക്ക് പോകുകയായിരുന്ന ബസാണ് മധ്യ പ്രവിശ്യയായ കമ്പോങ് തോമിൽ വച്ച് വ്യാഴാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് മേധാവി സിവ് സോവന്ന പറഞ്ഞു.
ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് വിവരം. ബസിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ബസിലുണ്ടായിരുന്നവരെല്ലാം കംബോഡിയക്കാരാണെന്ന് പൊലീസ് പറഞ്ഞു. ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024 ൽ കംബോഡിയയിൽ അപകടങ്ങളിൽ 1,509 പേർ മരിച്ചു. 2025ൽ ആദ്യ ഒമ്പത് മാസങ്ങളിൽ രാജ്യത്ത് 1,062 പേരാണ് അപകടങ്ങളിൽ മരിച്ചത്.



